തൃശൂർ: കൗൺസിൽ യോഗം തുടങ്ങിയ ഉടൻ അജൻഡയിലെ വിഷയം ചർച്ചക്കെടുക്കാതിരിക്കാനാണ് പ്രതിപക്ഷം ബഹളം ഉണ്ടാക്കിയതെന്ന് മേയർ അജിത വിജയൻ പറഞ്ഞു. ശക്തനിലെ മാസ്റ്റർ പ്ലാൻ വരച്ചതിന് നിയമാനുസൃതം കൊടുക്കേണ്ട സംഖ്യയിൽ നിന്ന് കമ്മിഷൻ ചോദിക്കുകയും അതിനെ തുടർന്ന് വിവിധ കാരണങ്ങളാൽ വികസനത്തിന്റെ പദ്ധതി മുടങ്ങിപോയതിന്റെ വിശദാംശങ്ങളാണ് ഒന്നാം നമ്പർ അജൻഡയിൽ ഉണ്ടായിരുന്നത്. വിഷയം ചർച്ച ചെയ്താൽ ചില കോൺഗ്രസ് കൗൺസിലർമാർക്കെതിരെയുള്ള ആരോപണം പുറത്തു വരുമെന്ന് ഭയന്നാണ് ബഹളമുണ്ടാക്കാൻ കാരണമെന്നായിരുന്നു മേയറുടെ വിശദീകരണം. പണം നൽകുന്നതിന് എനാർക്കിൽ നിന്ന് ചില കൗൺസിലർമാർ അന്ന് പണം ആവശ്യപ്പെട്ടിരുന്നതായി തന്നോട് പറഞ്ഞിട്ടുണ്ടെന്ന് മുൻ ഡെപ്യൂട്ടി മേയർ വർഗീസ് കണ്ടംകുളത്തി പറഞ്ഞു. എത്ര തുകയാണ് ആവശ്യപ്പെട്ടതെന്ന് വ്യക്തമാക്കിയിട്ടില്ല. ഇത്തരം സംഭവങ്ങൾ പുറത്തു വരാതിരിക്കാനാണ് വിഷയം ചർച്ച ചെയ്യാൻ അനുവദിക്കാതെ പൊതുചർച്ചയുടെ പേരിൽ ബഹളം കൂട്ടിയതെന്ന് മേയർ പറഞ്ഞു. 2002ലെ കൗൺസിലിലാണ് പണം കൊടുക്കേണ്ടതില്ലെന്ന് തീരുമാനമെടുത്തത്.