ചാവക്കാട് : ഗാന്ധി ജയന്തി ദിനത്തിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 87 ലിറ്റർ വിദേശ മദ്യവുമായി, വീട്ടിൽ സമാന്തര ബാർ നടത്തുകയായിരുന്ന യുവാവിനെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. തിരുവത്ര കോട്ടപ്പുറം അയിനിപ്പുള്ളി ചിന്നാലി വീട്ടിൽ കരടി അനീഷ് എന്നു വിളിക്കുന്ന അനിൽ കുമാറാണ് (35) അറസ്റ്റിലായത്.
വീട്ടിൽ നിന്നും 115 കുപ്പി ഇന്ത്യൻ നിർമ്മിത വിദേശ മദ്യവും ഇയാൾ സഞ്ചരിച്ചിരുന്ന ബൈക്കും പിടികൂടി.
തൃശൂർ ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർ പി.കെ സനുവിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ചാവക്കാട് എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ കെ.വി ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയിലാണ് ഇയാളെ പിടികൂടാനായത്. ഇന്നലെ രാവിലെ മഫ്റ്റിയിലെത്തിയ എക്‌സൈസ് സംഘം നടത്തിയ പരിശോധനയിൽ പ്രതിയുടെ വീട്ടിൽ നിന്നും, പരിസരങ്ങളിൽ നിന്നുമായി 115 കുപ്പികളിലായി ഒളിപ്പിച്ചിരുന്ന 87 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യം പിടികൂടി. മദ്യം ബിവറേജുകളിൽ നിന്നും കൊണ്ട് വരുന്നതിനായി ഉപയോഗിച്ചിരുന്ന ഹോണ്ട യൂണികോൺ ബൈക്കും കസ്റ്റഡിയിലെടുത്തു.
ഞായറാഴ്‌ച ദിവസങ്ങളിലും, മറ്റുമാണ് ഇയാൾ മേഖലയിൽ മദ്യ വിൽപ്പന നടത്തിയിരുന്നത്. സുഹൃത്തുകൾക്ക് മദ്യം ഓഫർ ചെയ്ത് ഇവരെ ബൈക്കിൽ കൊണ്ട് പോയാണ് ബീവറേജ് ഔട്ട് ലെറ്റുകളിൽ നിന്ന് മദ്യം ശേഖരിച്ചിരുന്നത്. മണത്തല മേഖലയിൽ കഴിഞ്ഞ കുറച്ചു നാളുകളായി രഹസ്യമായി മദ്യ വിൽപ്പന നടത്തുകയായിരുന്നു. ചാവക്കാട് എക്സൈസ് ഇൻസ്‌പെക്ടർ കെ.വി ബാബുവിന്റെ നേതൃത്വത്തിൽ, പ്രിവന്റീവ് ഓഫീസർമാരായ ജീൻ സൈമൺ, ടി.കെ സുരേഷ് കുമാർ, ഒ.പി സുരേഷ് കുമാർ, ടി.ആർ സുനിൽ കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ എം.എസ് സുധീർ കുമാർ, ജെയ്‌സൺ പി. ദേവസി, സി. നൗഷാദ് മോൻ, എ. ജോസഫ്, സുശീർ ഷേത്തുലാൽ, പി. ഇർഷാദ്, വി. രാജേഷ്, എം.എൻ നിഷ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.