കൊടകര: മറ്റത്തൂർ കുഞ്ഞാലിപ്പാറയിൽ നിരവധി നിയമലംഘനം നടന്നിട്ടുണ്ടെന്നും അനുമതി ലഭിക്കുന്നത് എത്ര നിയമംഘനം നടത്തിയാണെന്ന് കുഞ്ഞാലിപ്പാറയിൽ കാണാമെന്നും സി.ആർ. നീലകണ്ഠൻ പറഞ്ഞു. ക്രഷർ യൂണിറ്റിന്റെ പ്രവർത്തനം നിറുത്തലാക്കണമെന്ന് ആവശ്യപ്പെട്ട് കുഞ്ഞാലിപ്പാറ സംരക്ഷണ സമിതി നടത്തുന്ന സമരത്തിനു ഐക്യദാർഢ്യം അർപ്പിച്ച് സമരപന്തലും ക്വാറിയും സന്ദർശിക്കാനെത്തിയതാണ് പ്രശസ്ത പരിസ്ഥിതി പ്രവർത്തകൻ സി.ആർ. നീലകണ്ഠൻ.
പരിസ്ഥിതി ആഘാത പഠനം നടത്താതെയാണ് ഇവിടെ ഖനന ക്വാറി പ്രവർത്തനത്തിന് അനുമതി നൽകിയിരിക്കുന്നത്. വന ദൂരപരിധി നിയമം പാലിച്ചിട്ടില്ല. പാറ പൊടിക്കുന്നതിന്റെ പരിണിത ഫലം ഇവിടെയോ മലയുടെ മറ്റു ഭാഗത്തോ ഉണ്ടാകും. ജല സ്രോതസിൽ മണൽ കഴുകിയതിനാൽ പരിസ്ഥിതിയിലെ വെള്ളം മലിനപ്പെട്ടുവെന്നും ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് വീഴ്ച ഉണ്ടായെന്നും പ്രശനത്തിന് ഉടൻ പരിഹാരം കാണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.