പുതുക്കാട്: പുതുക്കാട് റെയിൽവേ സ്റ്റേഷൻ റോഡിൽ നിന്നും സെന്റർ ഒഴിവാക്കി ദേശീയപാതയിലേക്ക് എളുപ്പം എത്താവുന്ന പുളിക്കൻ റോഡ് തുറന്നുകൊടുക്കണമെന്ന് ആവശ്യപെട്ട് മനുഷ്യാവകാശ കമ്മിഷന് നിവേദനം നൽകി. പൊതുപ്രവർത്തകരായ വിജു തച്ചംകുളവും ജോയ് മഞ്ഞളിയും ചേർന്നാണ് മനുഷ്യാവകാശ കമ്മിഷനെ സമീപിച്ചത്.
റോഡ് തുറന്നു കൊടുക്കണമെന്ന് ആവശ്യപ്പെട്ട് ഇവർ ജില്ലാ കളക്ടർക്ക് നിവേദനം നൽകിയിരുന്നു. കളക്ടർ ദേശീയപാതാ അധികൃതരോട് റോഡ് തുറന്നുകൊടുക്കാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കത്ത് നൽകിയിരുന്നു. ഇതേത്തുടർന്ന് ദേശീയപാതാ അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും പിന്നീടൊന്നും നടന്നില്ല.
ദേശീയപാത നാലുവരിയാക്കിയപ്പോൾ പുളിക്കൻ റോഡ് ചേരുന്നിടത്ത് റോഡ് കെട്ടിയടച്ച് ഉയർത്തുകയായിരുന്നു. ഇതോടെ ഈ റോഡിലൂടെയുള്ള ഗതാഗതം നിലച്ചു. ദേശീയപാതാ വികസനത്തിന്റെ ഭാഗമായി ഒരു റോഡും അടച്ചുകെട്ടില്ലന്ന അധികൃതരുടെ ഉറപ്പ് പുളിക്കൽ റോഡിന്റെ കാര്യത്തിൽ ലംഘിച്ചു. അന്നത്തെ പഞ്ചായത്ത് അധികൃതരാക്കട്ടെ മൗനം പാലിച്ചു.
പുളിക്കൽ റോഡിലൂടെയുള്ള ഗതാഗതം അവസാനിപ്പിക്കേണ്ടത് ചിലരുടെ ആവശ്യവുമായിരുന്നു. റെയിൽവേ സ്റ്റേഷൻ റോഡ് ദേശീയപാതയിൽ പ്രവേശിക്കുന്നത് ഇപ്പോൾ പുതുക്കാട് സിഗ്‌നൽ ജംഗ്ഷനിലാണ്. ഇതിനാൽ തന്നെ എപ്പോഴും ഗതാഗതക്കുരുക്കാണ്. പുളിക്കൽ റോഡ് തുറന്നു കിട്ടിയാൽ തൃശുർ ഭാഗത്തേക്കുള്ള വാഹനങ്ങൾക്ക് സെന്ററിൽ എത്താതെ ദേശീയപാതയിലെത്താമെന്നത് സെന്ററിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ സഹായിക്കും.
ദേശീയപാതയിലേക്ക് പ്രവേശിക്കുന്നിത്ത് അധികമായി ആവശ്യമായി വരുന്ന സ്ഥലം ഉടമ വില കിട്ടിയാൽ വിട്ടുനൽകാൻ തയ്യാറാണെന്ന് അറിയിച്ചിട്ടുണ്ട്. അടിയന്തരമായി റോഡ് തുറന്നുകൊടുത്ത് പുതുക്കാടിന്റെ വികസനം ത്വരിതപ്പെടുത്തണമെന്ന് പുതുക്കാട് വികസന സമിതിയും ആവശ്യപ്പെട്ടു.