തൃശൂർ: പ്രമുഖ വ്യവസായിയും നോർക്ക റൂട്ട്സ് വൈസ് ചെയർമാനുമായ അഡ്വ. സി.കെ. മേനോൻ (70) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ചെന്നൈയിൽ അപ്പോളോ ആശുപത്രിയിൽ ഇന്നലെ രാത്രി ഏഴിനായിരുന്നു അന്ത്യം. ന്യൂമോണിയ ബാധയെ തുടർന്ന് മൂന്ന് ദിവസം മുമ്പാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മൃതദേഹം റോഡ് മാർഗം ഇന്ന് തൃശൂർ പാട്ടുരായ്‌ക്കലിലെ വസതിയിലെത്തിക്കും. നാരായണൻ നായർ - കാർത്ത്യായനി ദമ്പതികളുടെ മകനായി 1949ലാണ് ചേരിൽ കൃഷ്ണമേനോൻ എന്ന സി.കെ. മേനോൻ ജനിച്ചത്.
പത്മശ്രീ, പ്രവാസി സമ്മാൻ തുടങ്ങിയ നിരവധി ബഹുമതികൾ ലഭിച്ചു. ബെഹ്‌സാദ് ട്രാൻസ്‌പോർട്‌സ്, അലി ബിൻ നാസർ അൽ മിസ്‌നദ് ട്രാൻസ്‌പോർട്ട് ആൻഡ് ട്രേഡിംഗ് കമ്പനി, ഭവൻസ് പബ്ലിക് സ്‌കൂൾ, ഓറിയന്റൽ ബേക്കറി, ബെഹ്‌സാദ് ട്രേഡിംഗ് എന്റർപ്രൈസസ്, ബെഹ്‌സാദ് ഷിപ്പ് ചാന്റലർസ്, അലി ബിൻ നാസർ അൽ മിസ്‌നഡ് എക്യുപ്‌മെന്റ് ആൻഡ് ട്രേഡിംഗ്, ബെഹ്‌സാദ് ഇൻഫർമേഷൻ ടെക്‌നോളജി, ബെഹ്‌സാദ് ഫ്യൂവൽസ്, സുഡാനിൽ സ്റ്റീൽ കമ്പനി, സൗപർണിക ഗ്രൂപ്പ്, ബെഹ്‌സാദ് ട്രാൻസ്‌പോർട്ട്, സ്റ്റീൽ ഫാബ്രിക്കേഷൻ തുടങ്ങി നിരവധി കമ്പനികൾ ലോകമെമ്പാടുമുണ്ട്. നാലായിരത്തിലധികം പേർ മേനോന്റെ വിവിധ സ്ഥാപനങ്ങളിലായി ജോലി ചെയ്യുന്നുണ്ട്.
സി.കെ മേനോൻ്റെ ശവസംസ്കാരം ഇന്ന് വൈകിട്ട് തൃശൂരിൽ
മൃതദേഹം ഇന്ന് രാവിലെ പത്ത് മുതൽ രണ്ട് വരെ എറണാകുളത്തെ വസതിയിലും, വൈകിട്ട് നാലു മുതൽ അഞ്ച് വരെ തൃശൂർ പാട്ടുരായ്‌ക്കലിലെ വസതിയിലും പൊതുദർശനത്തിന് വയ്ക്കും. സംസ്കാരം ആറിന് പാറമേക്കാവ് ശ്മശാനത്തിൽ നടക്കും.
ഭാര്യ: ജയശ്രീ കൃഷ്ണമേനോൻ. മകൾ: അഞ്ജന കൃഷ്ണമേനോൻ (ദോഹ ഭവൻസ് പബ്ളിക് സ്‌കൂൾ ഡയറക്ടർ), ശ്രീരഞ്ജിനി കൃഷ്ണമേനോൻ (യു.കെ), ജെ.കെ. മേനോൻ (എം.ഡി.ബഹ്സാദ് കോർപറേഷൻ, അലി ബിൻ നാസർ അൽ മിസ്നാദ് ഗ്രൂപ്പ്, ദോഹ - ഖത്തർ). മരുമക്കൾ: ഡോ. അനന്ത് കൃഷ്ണ (ഖത്തർ), ഡോ. റിതേഷ് പുതിയവീട്ടിൽ (യു.കെ), ശിൽപ മേനോൻ.