തൃപ്രയാർ: ദേശീയപാതയിൽ പൊടിശല്യം രൂക്ഷമായതിനാൽ വലപ്പാട് മേഖലയിലെ വ്യാപാരികൾ ഏറെ ബുദ്ധിമുട്ടിൽ. പലർക്കും കടകൾ തുറക്കാൻ പോലുമാകാത്ത സ്ഥിതിയാണുള്ളത്. നിരവധി തവണ അധികൃതരുമായി സംസാരിച്ചിട്ടും പരിഹാരമുണ്ടായിട്ടില്ല. തുടർന്ന് 'റോഡ് നന്നായില്ലെങ്കിലും ആരോഗ്യം നന്നാവട്ടെ' എന്ന മുദ്രാവാക്യമുയർത്തി, വലപ്പാട് മർച്ചന്റ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ വലപ്പാട് കോതകുളം സെന്റർ മുതൽ തൃപ്രയാർ തെക്കേ ആത്മാവ് ജംഗ്ഷൻ വരെ പൊതുജനങ്ങൾക്കും വ്യാപാരികൾക്കും മാസ്‌ക് വിതരണം ചെയ്ത് പ്രതിഷേധിച്ചു. വലപ്പാട് മർച്ചന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് ഷാജി ചാലിശ്ശേരി ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ആർ.എ. മുഹമ്മദ്, ബാസ്ത്യൻ ഊക്കൻ, സതീഷ് ബാബു, ശ്രീരാജ് എന്നിവർ സംസാരിച്ചു.