കൊടുങ്ങല്ലൂർ: സംസ്ഥാന വിനോദ സഞ്ചാര വകുപ്പിന്റെ ആഭിമുഖ്യത്തിൽ ആദ്യമായി കോട്ടപ്പുറം കായലിൽ സംഘടിപ്പിക്കുന്ന ചാമ്പ്യൻസ് ബോട്ട് ലീഗ് (സി.ബി.എൽ) മത്സരങ്ങൾ വിജയിപ്പിക്കുന്നതിന് അഡ്വ.വി.ആർ. സുനിൽ കുമാർ എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ ചേർന്ന സംഘാടക സമിതി എക്സിക്യൂട്ടീവ് കമ്മിറ്റി തീരുമാനിച്ചു. ഒക്ടോ.10ന് വൈകീട്ട് 4ന് ജലോത്സവത്തിന്റെ പ്രചരണത്തിന്റെ ഭാഗമായി നഗരത്തിൽ വർണ്ണശബളമായ ഘോഷയാത്ര നടത്തും. സാംസ്കാരിക സാമൂഹിക സംഘടനകളെയും കുടുംബശ്രീ അടക്കമുള്ള സംഘടനകളും സംബന്ധിക്കുന്ന ഘോഷയാത്രയിൽ ജനപ്രതിനിധികളും പങ്കെടുക്കും. വാദ്യഘോഷങ്ങൾ, തിരുവാതിരക്കളി, മാർഗംകളി, ഒപ്പന, തുടങ്ങിയവയും ബാന്റ് മേളവും ഘോഷയാത്രയിലുണ്ടാകും.
12ന് ഉച്ചയ്ക്ക് 2ന് ടൂറിസം -സഹകരണ മന്ത്രി കടകംപിള്ളി സുരേന്ദ്രൻ വള്ളംകളി ഉദ്ഘാടനം ചെയ്യും. സി.ബി.എൽ വള്ളംകളി കൂടാതെ പ്രാദേശിക സംഘാടക സമിതി നടത്തുന്ന ചെറുവള്ളങ്ങളുടെ മത്സരവും മോഹിനിയാട്ടം, തുടങ്ങിയ കലാപരിപാടികളും ആസൂത്രണം ചെയ്തിട്ടുണ്ട്. അഞ്ചു മണിയോടെ മത്സരം സമാപിക്കും. നഗരസഭാ ചെയർമാൻ കെ.ആർ. ജൈത്രൻ, ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ കെ. ശ്രീകുമാർ, പ്രസന്നകുമാരി, ടി.എം. നാസർ, വി.ജി. ഉണ്ണിക്കൃഷ്ണൻ, വി.കെ. ബാലചന്ദ്രൻ, കെ.എസ്. കൈസാബ് എന്നിവർ പ്രസംഗിച്ചു.