കൊടുങ്ങല്ലൂർ: ഒരു വിഭാഗം വ്യാപാരികളുടെ സഹകരണം ഉറപ്പാക്കി നഗരത്തിലെ വടക്കേ നടയിൽ നഗരസഭ നടപ്പാക്കിയ പാർക്കിംഗ് നിരോധനത്തിനെതിരെ കോൺഗ്രസും ബി.ജെ.പിയും കൂടി രംഗത്തെത്തി. പാർക്കിംഗ് നിരോധനത്തിൽ നിലപാട് മയപ്പെടുത്തി അപാകതകളുണ്ടെങ്കിൽ പരിഹരിച്ച് മുന്നോട്ടു പോകുമെന്ന് നഗരസഭാ ചെയർമാൻ കെ.ആർ. ജൈത്രൻ പറഞ്ഞു. പാർക്കിംഗ് നിരോധനത്തിൽ പ്രതിഷേധിച്ച് നേരത്തെ കാെടുങ്ങല്ലൂർ മർച്ചന്റ്‌സ് അസോസിയേഷനും ഒപ്പം സി.പി.ഐയും എതിർപ്പുയർത്തിയിരുന്നു. എന്നാൽ പാർക്കിംഗ് നിരോധനത്തെ പിന്തുണച്ച് അപ്ലിക്കൻസ് ആൻഡ് കൺസ്യുമ്മേഴ്‌സ് ഫോറം രംഗത്തെത്തി. പാർക്കിംഗ് നിരോധനം ജനങ്ങളുടെ ആവശ്യമാണെന്ന നിലപാടാണ് ഫോറം വ്യക്തമാക്കിയത്. ഇതിന് പിറകെയാണ് കോൺഗ്രസും ബി.ജെ.പിയും പ്രതിഷേധ സ്വരം ഉയർത്തിയിട്ടുള്ളത്.
............................
ആലോചിച്ച് പോരായ്മകൾ പരിഹരിക്കും: ചെയർമാൻ
പാർക്കിംഗിന് സ്ഥലമുള്ള കെട്ടിടങ്ങൾ ആ സ്ഥലം പാർക്കിംഗിന് ഉപയോഗിക്കാതെ ദുരുപയോഗം ചെയ്യാൻ അനുവദിക്കില്ല. കോടതി, ഗേൾസ് സ്‌കൂൾ എന്നിവയുടെ മുൻവശത്തുള്ള വാഹനങ്ങളുടെ പാർക്കിംഗ് വലിയ അസൗകര്യങ്ങൾ ഉളവാക്കുന്നതാണ്. മറ്റ് സ്ഥലങ്ങളിലേയ്ക്ക് ജോലിക്ക് പോകുന്നവർക്ക് വാഹനം പാർക്ക് ചെയ്യാൻ നഗരത്തിന്റെ പ്രധാന കേന്ദ്രമായ വടക്കെ നടയിൽ തന്നെ വേണമെന്നതും ന്യായമായ ആവശ്യമായി കാണാൻ കഴിയില്ല.
എല്ലാ രാഷ്ട്രീയ പാർട്ടികളുമായും മറ്റ് സംഘടനകളുമായും ആലോചിച്ച് പോരായ്മകൾ പരിഹരിക്കുമെന്നും ചെയർമാൻ അറിയിച്ചു.