തൃശൂർ: ഏഴ് രാജ്യങ്ങളിലായി പരന്നുകിടക്കുന്ന ബിസിനസ് സാമ്രാജ്യം. ലോകത്തെ സമ്പന്നരാജ്യമായ ഖത്തർ ഭരണാധികാരികൾ പോലും ബിസിനസിൽ പങ്കാളികൾ. അങ്ങനെ ഉയരങ്ങളിലേക്ക് കുതിക്കുമ്പോൾ സി.കെ മേനോൻ്റെ മനസിൽ എന്നുമുണ്ടായിരുന്നു, കാരുണ്യത്തിൻ്റെ തെളി നീരുറവ. സൗദി അറേബ്യയിൽ കൊലക്കയർ കാത്തു കഴിഞ്ഞ നാല് മനുഷ്യരെ ജീവിതത്തിലേക്ക് തിരിച്ചുനടത്തിച്ച വലിയ മനസ് ആർക്കും കാണാതിരിക്കാനാവില്ല. കൊല്ലപ്പെട്ടയാളുടെ ബന്ധുക്കൾ പ്രതികൾക്ക് മാപ്പു നൽകി. എങ്കിലും ദയാധനം (ദിയ) കണ്ടെത്താനാകാതെ പ്രതികളുടെ ബന്ധുക്കൾ വലയുകയായിരുന്നു.

ഉറ്റവരുടെ ജീവൻ രക്ഷിക്കാൻ കിടപ്പാടം വിറ്റ് പെരുവഴിയിലേക്കിറങ്ങാൻ കുടുംബങ്ങൾ തയ്യാറെടുത്തിട്ടും ദയാധനത്തിന് തികയുമായിരുന്നില്ല. ഒടുവിൽ സി കെ മേനോൻ വലിയ തുക നൽകി കൊലക്കയറിൽ നിന്ന് നാല് ജീവനുകൾ രക്ഷിച്ചെടുത്തു. ഏറെ നാളുകൾക്ക് ശേഷമാണ് സി.കെ മേനോൻ ചെയ്ത വിലമതിക്കാനാവാത്ത നന്മ പുറം ലോകമറിഞ്ഞത്. മരണത്തിൽ നിന്ന് ജീവിതത്തിലേക്ക് തിരിച്ചു നടന്നവരും കുടുംബാംഗങ്ങളും മേനോനെ നേരിൽക്കാണാനെത്തിയത് കണ്ണുനീരോടെയാണ്. ഇറാഖ് യുദ്ധത്തിൽ അവിടെ കുടുങ്ങിയ 46 നഴ്‌സുമാരെ നാട്ടിൽ എത്തിക്കുന്നതിന് ഇറാഖ് അധികൃതരുമായി ചർച്ച നടത്തുന്നതിൽ മുന്നിൽ നിന്നു. തിരിച്ചുവന്ന നഴ്‌സുമാർക്ക് മൂന്നു ലക്ഷം രൂപ വീതം കൊടുക്കാനും ഹൃദയ വിശാലത കാണിച്ചു.

പടവുകൾ ഒന്നൊന്നായി ചവിട്ടിക്കയറുമ്പോഴും കൂടുതൽ വിനയാന്വിതനായിരുന്നു മേനോൻ. വിദേശങ്ങളിലെ പരമോന്നത ഭരണസിരാകേന്ദ്രങ്ങളിൽ സ്വതന്ത്രമായി കടന്നുചെല്ലാനാവുന്നത്ര സ്വാതന്ത്ര്യവും അംഗീകാരവും അദ്ദേഹത്തിനുണ്ടായിരുന്നു. സമ്പത്ത് കൊണ്ടും അംഗീകാരം കൊണ്ടും സ്വപ്നതുല്യമായ ഉന്നതിയിൽ നിൽക്കുമ്പോഴും വരുമാനത്തിൽ നിന്ന് ഒരു നിശ്ചിത തുക ജീവകാരുണ്യപ്രവർത്തനങ്ങൾക്കായി നീക്കിവയ്ക്കാറുണ്ട്. തൃശൂരിൽ നിന്ന് അകന്ന് കഴിയുമ്പോഴും നാടിനെയും സംസ്‌കാരത്തെയും നാട്ടുകാരെയും ഓർത്തുപോന്നു.

ജാതിമത രാഷ്ട്രീയ പരിഗണനകൾക്കതീതമായി ആയിരക്കണക്കിന് ധർമ്മ സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും സ്ഥിരമായി സഹായം നൽകി. മുസ്ളിം പള്ളിയും അമ്പലവും ക്രൈസ്തവ ദേവാലയവും ഒരേ മനസ്സോടെ നിർമിച്ചു. എന്നാൽ ആരാധനാലയങ്ങളിൽ പൊന്നു കൊണ്ട് തുലാഭാരം നടത്തുന്നതിനേക്കാൾ തനിക്കിഷ്ടം വിശന്നുവലയുന്നവന് ഒരു നേരത്തെ ആഹാരം കൊടുക്കാനാണെന്ന് അദ്ദേഹം പറഞ്ഞുവെച്ചു. പഠിച്ച തൃശൂരിലെ സി.എം.എസ് വിദ്യാലയത്തിന് പുതിയ കെട്ടിടം പണിതു നൽകി. ഒട്ടേറെപ്പേർക്കാണ് പ്രതിവർഷം ചികിത്സാധനസഹായം വിതരണം ചെയ്തത്. 2009ൽ രാജ്യം പത്മശ്രീ നൽകി മേനോനെ ആദരിച്ചു. 2006ൽ പ്രവാസി ഭാരതീയ സമ്മാൻ പുരസ്‌കാരവും മേനോനെ തേടിയെത്തി. സ്ഥാനപതിയാകാൻ കേന്ദ്രസർക്കാരിന്റെ ക്ഷണം വന്നതായും വാർത്തകളുണ്ടായിരുന്നു. പക്ഷേ, മനുഷ്യസ്നേഹത്തിൻ്റെ സ്ഥാനപതിയായി അദ്ദേഹം തുടർന്നു...