ചേർപ്പ്: തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള പെരുവനത്തെ അനുഷ്ഠാന കലാകേന്ദ്രം കാടുകയറിയ നിലയിൽ. മൂന്ന് ഏക്കറോളം വരുന്ന അനുഷ്ഠാന കലാകേന്ദ്രവും വളപ്പുമാണ് നശിച്ചുകൊണ്ടിരിക്കുന്നത്. കലാകേന്ദ്രത്തിലെ പഠനം നിലച്ചിട്ടും വർഷങ്ങളായി.

പണ്ട് കുണ്ടൂർ പടിഞ്ഞാറേടത്ത് മനയുടേതായിരുന്ന പെരുവനം കച്ചേരി കൊട്ടാരം. പിന്നീട് തിരുവിതാംകൂർ ദേവസ്വം ബോർഡ് ഏറ്റെടുക്കുകയായിരുന്നു. നശിച്ചുകൊണ്ടിരുന്ന ഈ നാലുകെട്ട് കൊട്ടാരം ലക്ഷങ്ങൾ ചെലവിട്ട് പുനരുദ്ധരിക്കുകയും ചെയ്തു. കൂത്ത്, കൂടിയാട്ടം, മിഴാവ്, സോപാന സംഗീതം, ശാസ്ത്രീയ സംഗീതം,​ ചെണ്ട, പാഠകം തുടങ്ങിയവ വിദ്യാർത്ഥികളെ വിവിധ ബാച്ചുകളിലായി പ്രഗത്ഭരായ കലാകാരൻമാരും അദ്ധ്യാപകരും പഠിപ്പിച്ചിരുന്നു. ഒരു ബാച്ചിലുള്ളവർക്ക് ദേവസ്വം ബോർഡിന്റെ സർട്ടിഫിക്കറ്റുകളും നൽകിപോന്നു. എന്നാൽ അധികൃതരുടെ അനാസ്ഥയാണ് ഇവ നിലയ്ക്കാൻ കാരണമായതെന്ന് ഗുരുക്കൻമാരും നാട്ടുകാരും പറയുന്നു.

കലാകേന്ദ്രത്തിന്റെ ചുറ്റുമതിലും, കയറി വരുന്ന ചവിട്ടുപടികളും, കാവും, കുളവും, വ്യാപകമായി കാടുകയറി. പുറത്ത് പണിതിട്ടുള്ള കൊട്ടാര സമുച്ചയത്തിന്റെ ചില ഭാഗങ്ങൾ ഇടിഞ്ഞിട്ടുണ്ട്. വേണ്ടത്ര വൈദ്യുതി വെളിച്ചവുമില്ല. ഇഴജന്തുക്കളുടെ ശല്യവും വർദ്ധിച്ചിട്ടുണ്ട്.

ഒരു കാലത്ത് പെരുവനം ദേശക്കാരുടെ കച്ചേരി കൊട്ടാരമായി വിശേഷിപ്പിക്കപ്പെട്ടിരുന്ന കലാകേന്ദ്രത്തിൽ മാടമ്പിന്റെ ഭ്രഷ്ട്, തീർത്ഥം തുടങ്ങിയ ചലച്ചിത്രങ്ങൾ ചിത്രീകരിച്ചിട്ടുണ്ട്. കൊട്ടാരം പുതുക്കിയതിന് ശേഷം സ്‌കൂൾ വിദ്യാർത്ഥികളും പ്രകൃതി പഠനത്തിന്റെ ഭാഗമായി ഇവിടെ എത്തിയിരുന്നു. കൊത്തുപണികൾ, തട്ടിൻപുറങ്ങൾ, അമൂല്യ മൺപാത്ര വസ്തുക്കളും നാലുകെട്ടിനകത്തുണ്ട്. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ അനാസ്ഥയിൽ പഴമയുടെ മഹിമതന്നെയാണ് മെല്ലെ മെല്ലെ ഇല്ലാതായിക്കൊണ്ടിരിക്കുന്നത്.