വടക്കാഞ്ചേരി: വ്യാപാര സ്ഥാപനങ്ങളിൽ പ്ലാസ്റ്റിക് കവറുകൾ നിരോധിച്ച വടക്കാഞ്ചേരി നഗരസഭ തുണി സഞ്ചികളുടെ പ്രദർശനവും വിൽപ്പനയും ഒരുക്കി. വടക്കാഞ്ചേരി പ്രസ് കോർണിൽ ഒരുക്കിയ പ്രദർശനത്തിൽ ആയിരക്കണക്കിന് രൂപയുടെ തുണി സഞ്ചികൾ വാങ്ങാനെത്തിയത് അധികവും വീട്ടമ്മമാരായിരുന്നു. വ്യാപാരികളും സ്ഥലം എം.എൽ.എ അനിൽ അക്കരയും കുടുംബശ്രീ പ്രവർത്തകരിൽ നിന്ന് സഞ്ചി വാങ്ങാനെത്തി.
നഗരസഭാ വൈസ് ചെയർമാൻ എം.ആർ. അനുപ് കിഷോർ ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ എൻ.കെ. പ്രമോദ് കുമാർ, എം.ആർ. സോമനാരായണൻ, പ്രസ് ക്ലബ് പ്രസിഡന്റ് വി. മുരളി, വ്യാപാരി സംഘടനകളുടെ പ്രതിനിധികളായ അജിത് മല്ലയ്യ, എം.എ. മോഹനൻ, സി.ഐ.ടി.യു ഏരിയ പ്രസിഡന്റ് കെ.എം. മൊയ്തു, സി.ഡി.എസ് ചെയർപേഴ്‌സൻ മിനി അരവിന്ദൻ തുടങ്ങിയവർ പ്രസംഗിച്ചു.