ചേലക്കര: സ്റ്റോപ്പിൽ നിറുത്തിയില്ലെന്ന കാരണത്താൽ ബൈക്കിൽ പിന്തുടർന്ന് ബസ് തടഞ്ഞു നിറുത്തിയ നാട്ടുകാർ ഒടുവിൽ നഷ്ടപരിഹാരം നൽകി തടിയൂരി. പഴയന്നൂർ എളനാട് ചേലക്കര തൃശൂർ റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസ് ഇന്നലെ രാവിലെ വിദ്യാർത്ഥികളും നിറയെ യാത്രക്കാരുമായി വരുമ്പോൾ കാളിയാറോഡ് സ്റ്റോപ്പിൽ നിറുത്തി യാത്രക്കാരെ കയറ്റിയിരുന്നില്ല.
ഇതേത്തുടർന്ന് ബൈക്കിൽ ബസിനെ പിന്തുടർന്ന് നാട്ടുകാർ ബസ് തടഞ്ഞുനിറുത്തി. തുടർന്ന് യാത്രക്കാർ വിവരം അറിയിച്ചതനുസരിച്ച് ചേലക്കര പൊലീസ് എത്തി. ബസിൽ ആളെ കയറ്റാൻ ഇടമില്ലാത്തതുകൊണ്ടാണ് ബസ് നിറുത്താതെ പോയതെന്നും ബസ് തടഞ്ഞിട്ടതിനാൽ ട്രിപ്പ് മുടങ്ങിയെന്നും നഷ്ടം തടഞ്ഞവർ തരണമെന്നും ബസ് തൊഴിലാളികൾ വാദിച്ചു. വിവരം അറിഞ്ഞ് ബസ് തൊഴിലാളി യൂണിയനും രംഗത്തുവന്നു.
തുടർന്ന് ചേലക്കര പൊലീസ് സ്റ്റേഷനിൽ വെച്ച് സി.ഐ: ഇ. ബാലകൃഷ്ണൻ ബസ് തടഞ്ഞവരുമായും ബസ് ഉടമയും, തൊഴിലാളികളുമായും ചർച്ച ചെയ്തു. പൊലീസ് നടത്തിയ അന്വേഷണത്തിലും ബസ് തൊഴിലാളികളുടെ ഭാഗത്ത് വീഴ്ചയില്ലെന്ന് മനസ്സിലാക്കി. തുടർന്ന് സർവീസ് മുടങ്ങിയതിന്റെ നഷ്ടം ബസ് തടഞ്ഞവരിൽ നിന്നും ബസ് ഉടമയ്ക്ക് നൽകി പ്രശ്‌നം പരിഹരിക്കുകയായിരുന്നു.