തൃശൂർ: ആഗോള വ്യവസായ സാമ്രാജ്യത്തിന്റെ തലവനായി ഭൂഖണ്ഡങ്ങളിൽ നിന്ന് ഭൂഖണ്ഡങ്ങളിലേക്ക് പറക്കുന്ന സി.കെ. മേനോൻ സ്വന്തം നാടായ തൃശൂരിലെത്തിയാൽ നാട്ടുകാരുടെ സ്വന്തം മേനോൻ. ചിലർക്ക് കൃഷ്ണേട്ടൻ. പൂരത്തിനും ഉത്സവങ്ങൾക്കും മേനോന്റെ സാന്നിദ്ധ്യം നാട്ടുകാർക്ക് ഒരനുഗ്രഹവും ആവേശവുമാണ്. വെള്ള മുണ്ടും ഷർട്ടും വള്ളിച്ചെരുപ്പും ധരിച്ച് സാധാരണക്കാരിലൊരാളായി ക്ഷേത്രമുറ്റങ്ങളിൽ അദ്ദേഹത്തെ കാണാം. വാക്കുകളിലും പെരുമാറ്റത്തിലും ലാളിത്യം. അതാണ് മേനോനെ വ്യത്യസ്തനാക്കുന്നത്. തൃശൂരിൽ ജീർണാവസ്ഥയിൽ കിടന്നിരുന്ന ഒട്ടുമിക്ക ക്ഷേത്രങ്ങളുടെയും പുനരുദ്ധാരണത്തിന് പിന്നിൽ മേനോന്റെ കരങ്ങളായിരുന്നു. മേനോൻ തൃശൂരിലെ വീട്ടിലെത്തുന്നുണ്ടെന്നറിഞ്ഞാൽ ഒരു പട തന്നെ കാണാനെത്തും. ആരെയും അദ്ദേഹം പിണക്കി വിടില്ല. വരുന്നവർ പറയുന്നത് സത്യമാണോയെന്ന് ആരും പറഞ്ഞുകൊടുക്കേണ്ട കാര്യമില്ല. അനുഭവത്തിൽ നിന്ന് അദ്ദേഹം അത് മനസിലാക്കിയിട്ടുണ്ടാകും. ക്ഷേത്ര കമ്മിറ്റിക്കാർ, ഉത്സവക്കാർ, പുലിക്കളി സംഘങ്ങൾ, രാഷ്ട്രീയ നേതാക്കൻമാർ.. ഇങ്ങനെ സമൂഹത്തിന്റെ നാനാതുറയിലുള്ളവർ അദ്ദേഹത്തെ കാണാൻ തൃശൂർ പാട്ടുരായ്ക്കലിലെ വീട്ടിലെത്തും. ഓരോരുത്തർക്കും നേരത്തെ സമയം നൽകിയിട്ടുണ്ടാകും. രാവിലെ ആറു മുതൽ തുടങ്ങും. ഇടയ്ക്ക് ഭക്ഷണം കഴിക്കാൻ പോലും ചിലപ്പോൾ അദ്ദേഹം മറക്കും. രാത്രി വൈകുവോളം എല്ലാവരുടെയും പരിഭവങ്ങൾ കേൾക്കും. തൃശൂരിൽ അന്താരാഷ്ട്ര സൗകര്യങ്ങളോടുകൂടിയുള്ള ഒരു സ്‌കൂളും കൺവെൻഷൻ സെന്ററും അദ്ദേഹത്തിന്റെ സ്വപ്‌നമായിരുന്നു. പട്ടിക്കാട് ഇതിനുള്ള പ്രവർത്തനം ആരംഭിക്കുകയും ചെയ്തു..