തൃശൂർ: ജില്ലയിൽ നവംബറിൽ നടത്തുന്ന ബീച്ച് ഗെയിംസിൽ മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ കായിക താരങ്ങളുടെ പരമാവധി പ്രാതിനിധ്യം ഉറപ്പാക്കാൻ ബീച്ച് ഗെയിംസ് സംഘാടക സമിതി യോഗത്തിൽ തീരുമാനം. ഫുട്‌ബാൾ, വോളിബാൾ, വടംവലി, കബഡി ഇനങ്ങളിലായി നടത്തുന്ന ബീച്ച് ഗെയിംസിൽ കൂടുതൽ ജനപങ്കാളിത്തം ഉറപ്പാക്കുന്നതിന്റെ സാദ്ധ്യതയും സംഘാടക സമിതി വിലയിരുത്തി. ജില്ലയിലെ പ്രധാന ബീച്ച് കേന്ദ്രീകരിച്ചാണ് ബീച്ച് ഗെയിംസ് സംഘടിപ്പിക്കുക. ഇതിനായി പ്രാദേശികതലത്തിൽ മത്സരം നടത്തി അതിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ടീമുകളെയാണ് ഫൈനൽ റൗണ്ടുകളിൽ പരിഗണിക്കുക. കേരളോത്സവത്തിൽ നിന്നും വിഭിന്നമായാണ് ഓരോ മത്സരങ്ങളുടെയും ക്രമീകരണം. കൂടുതൽ ടീമുകളെ പങ്കെടുപ്പിക്കുന്നതോടൊപ്പം എല്ലാ മത്സര ഇനങ്ങളും ഒരേപോലെ വീക്ഷിക്കുന്നതിനുള്ള സാഹചര്യവും സൃഷ്ടിക്കും. മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ കായിക താരങ്ങളെ എല്ലാ മത്സര വിഭാഗങ്ങളിലും പങ്കെടുപ്പിക്കും. ഇതിന്റെ ഭാഗമായി അതത് പ്രാദേശിക ടീമുകൾക്ക് ഇവരെ ഉൾക്കൊള്ളിക്കാനുള്ള നിർദ്ദേശം നൽകും. സംസ്ഥാനത്ത് ആദ്യമായി സംഘടിപ്പിക്കുന്ന ബീച്ച് ഗെയിംസ് ഒമ്പത് ജില്ലകളിലായാണ് അരങ്ങേറുക. ജില്ലാ കളക്ടർ എസ്. ഷാനവാസ് ചെയർമാനായും ജില്ലാ സ്‌പോർട്‌സ് കൗൺസിൽ സെക്രട്ടറി സുരേഷ് ഓർഗനൈസിംഗ് സെക്രട്ടറിയായുമുള്ള സംഘാടക സമിതിയാണ് രൂപീകരിച്ചത്. കളക്ടർ എസ്. ഷാനവാസ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സ്‌പോർട്‌സ് കൗൺസിൽ ഭരണ നിർവഹണ സമിതിയംഗം എം.ആർ രജിത് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് കെ.ആർ സാംബശിവൻ, സെക്രട്ടറി സുരേഷ് എന്നിവർ പങ്കെടുത്തു.