തൃശൂർ: വനഗവേഷണ കേന്ദ്രത്തിലെ ഫോറസ്റ്റ് എന്റമോളജി വകുപ്പ് പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ. ടി.വി സജീവിനെതിരായി ക്വാറി ഉടമസ്ഥാ സംഘം ഉയർത്തുന്ന ഭീഷണി ശാസ്ത്ര ഗവേഷണത്തോടും വ്യക്തികളുടെ അഭിപ്രായ സ്വാതന്ത്ര്യത്തോടുമുള്ള വെല്ലുവിളിയാണെന്ന് ശാസ്ത്രസാഹിത്യ പരിഷത്ത്. കേരള വനഗവേഷണ കേന്ദ്രത്തിലെ സി.ജെ അലക്‌സുമായി ചേർന്ന് ഡോ. സജീവ്, 2017 ൽ പ്രസിദ്ധപ്പെടുത്തിയ കരിങ്കൽ ക്വാറികളെ കുറിച്ചുള്ള പഠന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേരളത്തിൽ കഴിഞ്ഞ രണ്ടു വർഷങ്ങളിലും പ്രളയത്തോടൊപ്പമുണ്ടായ ഉരുൾ പൊട്ടലുകൾക്ക് കരിങ്കൽ ഖനനവും കാരണമാണെന്ന് അഭിപ്രായപ്പെട്ടതിന് എതിരെയാണ് ക്വാറി ഉടമകൾ പ്രക്ഷോഭം നടത്തുന്നത്. പശ്ചിമഘട്ട മലനിരകൾ പരിസ്ഥിതിലോല മേഖലയാണെന്നും അവിടെ നടക്കുന്ന അനിയന്ത്രിത ഖനന പ്രവർത്തനങ്ങൾ പാരിസ്ഥിതിക സുരക്ഷയ്ക്ക് ഭീഷണിയാണെന്നും പൊതുവിൽ അംഗീകരിക്കപ്പെട്ട വസ്തുതയാണ്. ഡോ. സജീവിന്റെ റിപ്പോർട്ടിലെ നിഗമനങ്ങളോട് വിയോജിപ്പുള്ളവരുണ്ടാകാം. അത് അവതരിപ്പിക്കുകയും ജനകീയ ചർച്ചയ്ക്ക് വിധേയമാക്കുകയുമാണ് വേണ്ടത്. അതിന് മുതിരാതെ ശാസ്ത്രജ്ഞൻ എന്ന നിലയിൽ ഡോ. സജീവിനെ നിശബ്ദനാക്കാനാണ് ക്വാറി ഉടമകൾ ശ്രമിക്കുന്നത്. സമൂഹത്തിൽ ആൾബലവും ധനബലവുമുള്ള മൂലധനശക്തികൾ സംഘടിത സമ്മർദ്ദങ്ങൾ സ്വീകരിക്കുന്നത് ഒട്ടും ആശാസ്യമല്ല. ഗവേഷണ പ്രവർത്തനങ്ങൾ നിർഭയമായും സ്വതന്ത്രമായും നടത്തുന്നതിനുള്ള അക്കാഡമിക സ്വാതന്ത്ര്യം അനിവാര്യമാണെന്നും പരിഷത്ത് പ്രസിഡൻ്റ് എ.പി മുരളീധരൻ, ജനറൽ സെക്രട്ടറി കെ. രാധൻ എന്നിവർ പത്രക്കുറിപ്പിൽ പറഞ്ഞു...