തൃശൂർ: ജീവിതമാറ്റങ്ങളെ തിരിച്ചറിഞ്ഞ് വ്യത്യസ്തയോടെ സഞ്ചരിക്കുന്നവനാണ് യഥാർത്ഥ വിജയിയെന്ന് സിറ്റി പൊലീസ് കമ്മിഷണർ ജി.എച്ച് യതീഷ്ചന്ദ്ര.

'ആത്മ' സന്നദ്ധസംഘടന നടത്തിയ ഏകദിന യൂത്ത് ലീഡർഷിപ്പ് കോൺക്ലേവിൽ മുഖാമുഖം പരിപാടിയിൽ പങ്കെടുത്ത് യുവാക്കളുടെ സംശയങ്ങൾക്ക് മറുപടി നൽകുകയായിരുന്നു കമ്മിഷണർ. തനിക്ക് ശരിയെന്ന് തോന്നുന്നതും, എല്ലാവർക്കും ശരിയെന്ന് തോന്നുന്നതുമല്ല യഥാർത്ഥത്തിൽ സിവിൽ സർവീസിലുള്ളവർ ചെയ്യുന്നത്. മറിച്ച് നിയമവും, ഭരണഘടനയും പാലിച്ചാണ് തീരുമാനങ്ങളെടുക്കുന്നത്. അതിൽ വ്യക്തിപരമായി എതിർപ്പുള്ള നടപടികളും ചെയ്യേണ്ടി വരും. ആത്യന്തികമായി നിയമം ലംഘിക്കാത്തിടത്തോളം എല്ലാവരും ഒപ്പമുണ്ടാകുമെന്നും കമ്മിഷണർ പറഞ്ഞു. സ്വന്തം പദവിക്ക് മുകളിൽ ഒരു അധികാര കേന്ദ്രമുണ്ടാകുമ്പോൾ മന:സാക്ഷിക്കനുസരിച്ച് ജോലി ചെയ്യാനാകുമോ എന്ന വിദ്യാർത്ഥിനിയുടെ ചോദ്യത്തിനായിരുന്നു ഈ മറുപടി. രാഷ്ട്രീയ പ്രവർത്തനം കഠിനമാണ്. എളുപ്പമുള്ള ഏർപ്പാടല്ല. ഓരോ അഞ്ചു വർഷം കഴിയുമ്പോഴും രാഷ്ട്രീയം മാറുന്നു. പക്ഷേ പോലീസ് ഉത്തരവാദിത്വങ്ങൾ അധികം മാറുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഹർഷാരവത്തോടെയാണ് കമ്മിഷണറുടെ ഓരോ വാക്കുകളും നിറഞ്ഞ സദസ് ഏറ്റെടുത്തത്.