തൃശൂർ: ബൗദ്ധിക വെല്ലുവിളി നേരിടുന്നവർക്ക് ലൈംഗിക വിദ്യാഭ്യാസം അനിവാര്യമാണെന്നും വിവാഹവും ലൈംഗികതയുമായി ബന്ധപ്പെട്ട അറിവുകൾ അവർക്ക് പകർന്ന് നൽകണമെന്നും 'അമ്മ' നടത്തിയ സാമൂഹിക ബോധവത്കരണ ചർച്ചാസമ്മേളനം അഭിപ്രായപ്പെട്ടു. പരിമിത പ്രജ്ഞരായ മുതിർന്നവരെയും ഓട്ടിസ ബാധിതരായ കുഞ്ഞുങ്ങളെയും മുഖ്യധാരയിലെത്തിക്കാൻ പ്രവർത്തിക്കുന്ന കാര്യാട്ടുകര 'അമ്മ'യുടെ 24ാം വാർഷികാഘോഷത്തിൻ്റെ ഭാഗമായി 'ബൗദ്ധിക വെല്ലുവിളി നേരിടുന്നവരിലെ ലൈംഗികതയും വിവാഹവും' എന്ന വിഷയത്തിലായിരുന്നു ചർച്ച. ലൈംഗികതയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഏറെ പ്രതിഫലിക്കുന്നത് ഓട്ടിസം ബാധിതരിലാണെന്നും അകാലത്തിലുളള ലൈംഗിക വളർച്ചയും കാരണമാകുന്നുണ്ടെന്നും വിദഗ്ദ്ധർ അഭിപ്രായപ്പെട്ടു. എൻ.ഐ.പി.എം.ആർ. ജോ. ഡയറക്ടർ ചന്ദ്രബാബു ഉദ്ഘാടനം ചെയ്തു. മുളങ്കുന്നത്തുകാവ് ഗവ. മെഡിക്കൽ കോളേജിലെ മന:ശാസ്ത്ര വിഭാഗം മേധാവി ഡോ. കെ. എസ്. ഷാജി, വെസ്റ്റ് ഫോർട്ട് ഹൈടെക് ആശുപത്രിയിലെ മന:ശാസ്ത്ര വിദഗ്ദ്ധ ഡോ. ശൈലജ രാംകുമാർ, ഗവ. മാനസികാരോഗ്യ കേന്ദ്രത്തിലെ മന:ശാസ്ത്ര വിദഗ്ദ്ധൻ ഡോ. എസ്.വി. സുബ്രഹ്മണ്യൻ, ഡോ. നീതി വത്സൻ എന്നിവർ ക്ളാസെടുത്തു. 'അമ്മ' പ്രസിഡൻ്റ് ഡോ. ലോല രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സാമൂഹികനീതി ഓഫീസർ പ്രദീപ് പ്രസംഗിച്ചു. 'അമ്മ' സെക്രട്ടറി ഡോ. പി. ഭാനുമതി സ്വാഗതവും ജോ. സെക്രട്ടറി ബാബു നന്ദിയും പറഞ്ഞു. രംഗചേതനയിലെ കെ.വി ഗണേഷ് രചനയും സംവിധാനവും നിർവഹിച്ച് അമ്മയിലെ കൂട്ടുകാർ അവതരിപ്പിച്ച നാടകം 'ഇതൊരു രാജ്യമാണ്' അരങ്ങേറി. ..