വെള്ളിക്കുളങ്ങര: വെള്ളിക്കുളങ്ങര റേഞ്ചിലെ മുപ്ലിയം സ്റ്റേഷനിൽ കാട്ടുപന്നിയുടെ ഇറച്ചി പിടികൂടിയ കേസിലെ പ്രതി അറസ്റ്റിൽ. ചെമ്പൂച്ചിറ സ്വദേശി കാക്കനാടൻ വീട്ടിൽ അനിത്ത് (34) ആണ് അറസ്റ്റിലായത്. കേസിലെ മുഖ്യപ്രതി കൽക്കുഴി സ്വദേശി പുളിശ്ശേരി വീട്ടിൽ മനോജിനെ പിടികിട്ടിയിട്ടില്ല. കഴിഞ്ഞ മാസമാണ് ചെമ്പൂച്ചിറ കാക്കനാടൻ വീട്ടിൽ ഗീതയുടെ കൈവശം നിന്നും പാകം ചെയ്ത കാട്ടുപന്നിയുടെ ഇറച്ചി പിടികൂടിയത്. ഗീതയുടെ മകൻ അനിത്താണ് ഇറച്ചി നൽകിയത്. വെള്ളിക്കുളങ്ങര റേഞ്ച് ഓഫീസർ എ. വിജിൻ ദേവിന്റെ മുമ്പാകെ പ്രതി ഹാജരായതിനെത്തുടർന്ന് മുപ്ലിയം സ്റ്റേഷനിലെ ഡെപ്യൂട്ടി റേഞ്ച് ഓഫീസർ ജി. വിശ്വനാഥൻ, സെക്‌ഷൻ ഫോറസ്റ്റ് ഓഫീസർ എം.ആർ. മോഹനൻ, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ എ.കെ. കനകൻ, സ്റ്റാൻലി കെ. തോമസ്, കെ.എസ്. ഷിജു എന്നിവർ മേൽനടപടികൾ സ്വീകരിച്ചു.