കുഞ്ഞാലിപ്പാറ: കോടശേരി മലനിരയോട് തൊട്ടുരുമി നിൽക്കുന്ന പച്ചപുതച്ച താഴ്വാരവും കരിമ്പാറക്കൂട്ടങ്ങളും ഒന്നിക്കുന്ന കാഴ്ചവസന്തം സമ്മാനിക്കുന്ന കുഞ്ഞാലിപ്പാറയിലേക്ക് വഴിയൊരുക്കി കുഞ്ഞാലിപ്പാറ സംരക്ഷണസമിതി. ഇവിടേക്കുള്ള റോഡിൽ വൻതോതിൽ മെറ്റൽ കൂട്ടിയതോടെയാണ് സഞ്ചാരികൾക്ക് ഈ കാഴ്ച അന്യമായത്. ഇതോടെ കാടുകയറി.
കുഞ്ഞാലിപ്പാറയിലെ ക്രഷർ നിറുത്തണമെന്ന് ആവശ്യപ്പെട്ട് നടത്തുന്ന സമരത്തിന്റെ ഭാഗമായാണ് വഴി വീണ്ടും വെട്ടിത്തെളിച്ചത്.
കുഞ്ഞാലിപ്പാറയുടെ ചരിത്രം
സർക്കാരിന്റെ അധീനതയിലുള്ള കുഞ്ഞാലിപ്പാറയെ സംസ്ഥാന ടറിസം ഡെവലപ്മെന്റ് കോർപറേഷൻ ഒരു ടൂറിസം കേന്ദ്രമാക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും പദ്ധതികളുണ്ടായില്ല. പതിനാറാം നൂറ്റാണ്ടിൽ കോഴിക്കോട് ഭരിച്ചിരുന്ന സാമൂതിരി രാമ വിക്രമന്റെ നാവികപ്പടയുടെ പടത്തലവനായിരുന്ന കുഞ്ഞാലിമരയ്ക്കാർ അനുയായികളെ രഹസ്യമായി യുദ്ധമുറ പരിശീലിപ്പിച്ചിരുന്ന ഇടമായതുകൊണ്ടാണ് പാറയ്ക്ക് കുഞ്ഞാലിയെന്ന് പേരു വന്നതെന്നാണ് പഴമക്കാരുടെ കഥ.
കുഞ്ഞാലി എന്നു പേരുള്ള പെരുംകള്ളന്റെ ഒളിത്താവളമായതിനാലാണ് ഈ പേരുണ്ടായതെന്ന് മറ്റൊരു കഥയുമുണ്ട്. ഇച്ചക്കൻ, കുഞ്ഞാലി എന്ന രണ്ട് കള്ളൻമാർ ഇവിടെ കുറെക്കാലം തമ്പടിച്ചിരുന്നുവത്രെ. കായംകുളം കൊച്ചുണ്ണിയെ പോലെ പാവപ്പെട്ടരോട് കരുണയും സഹതാപവും കാണിച്ചിരുന്ന ഇവർ ദൂരസ്ഥലങ്ങളിൽ പോയി ധനികരെ കൊള്ളയടിച്ചു കൊണ്ടുവന്നിരുന്ന മുതൽ സൂക്ഷിച്ചിരുന്നത് ഈ പാറക്കെട്ടുകൾക്കിടയിലെ ഒളിത്താവളങ്ങളിലായിരുന്നുവത്രെ.
കാഴ്ചവസന്തം
ഉയർന്നുപൊങ്ങിയും സമതലം പോലെയും ഏക്കർകണക്കിന് വ്യാപിച്ചുകിടക്കുന്ന പ്രകൃതിയുടെ ദൃശ്യവിരുന്നാണ് കുഞ്ഞാലിപ്പാറ. ഉയർന്ന പാറക്കെട്ടിനുമുകളിൽ കയറിയാൽ പടിഞ്ഞാറൻ കടലിലെ അസ്തമയക്കാഴ്ചയും കണ്ണിന് വിരുന്നേകും. പരന്നു കിടക്കുന്ന വലിയ പാറയും, അതിന്റെ മുകളിലായി അടുക്കിവച്ചിരിക്കുന്ന പോലെയുള്ള ചെറിയ പാറക്കൂട്ടങ്ങളുമാണ് ഇവിടത്തെ പ്രധാന കാഴ്ച. ഈ പാറയുടെ മുകളിൽ നിന്ന് നോക്കിയാൽ മൂന്നുമുറി പള്ളി, കൊടകര പ്രദേശം, തെങ്ങിൻ തോപ്പുകളും നെൽവയലുകളും ഇടകലർന്ന മനോഹര കാഴ്ചയും കണ്ണിന് കുളിരേകും.
ഗുഹയും റോക്കറ്റ് പാറയും
കുഞ്ഞാലിപ്പാറയുടെ ഒരു വശത്ത് പത്തോളം പേർക്ക് താമസിക്കാൻ പറ്റുന്ന വലുപ്പമുള്ള ഗുഹയുണ്ടത്രെ. ഈ ഗുഹാമുഖം എവിടെയാണെന്ന് പോലും അറിയാത്തവിധം ഇപ്പോൾ കാട് കയറിയിട്ടുണ്ട്. റോക്കറ്റിന്റെ ആകൃതിയിലുള്ള റോക്കറ്റ് പാറയും ഇവിടെയുണ്ട്. അകലെ നിന്നും നോക്കിയാൽ ഒരു ആന നിൽക്കുന്നതുപോലെ തോന്നുന്ന ആനപ്പാറയും കാണാം.
എത്തുന്നവിധം
കൊടകര വെള്ളിക്കുളങ്ങര റൂട്ടിൽ മൂന്നുമുറിയിൽ നിന്ന് ഒന്നര കിലോമീറ്റർ വലത്തോട്ടു സഞ്ചരിച്ചാൽ കുഞ്ഞാലിപ്പാറയിലെത്താം. പണ്ടുകാലങ്ങളിൽ നിരവധിയാളുകൾ പ്രകൃതിസൗന്ദര്യം നുകരുന്നതിനും വിശ്രമിക്കുന്നതിനുമായി എത്തിയിരുന്നു. എന്നാൽ റോഡിൽ കാടുകയറിയതോടെ കുഞ്ഞാലിപ്പാറയിലേക്കുള്ള സഞ്ചാരികളുടെ വരവ് കുറഞ്ഞു.