തൃശൂർ: പ്രമുഖ വ്യവസായിയും നോർക്ക റൂട്ട്‌സ് വൈസ് ചെയർമാനുമായ അഡ്വ. സി.കെ. മേനോന്റെ (70) മൃതദേഹം പാറമേക്കാവ് ശാന്തിഘട്ടിൽ സംസ്‌കരിച്ചു. സംസ്ഥാന സർക്കാരിന്റെ പൂർണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു ചടങ്ങുകൾ. സമൂഹത്തിന്റെ നാനാതുറകളിലുള്ളവർ ഉൾപ്പെടെ സ്വന്തം ദേശത്തെ ആയിരങ്ങൾ അവസാനമായി ഒരു നോക്കു കാണാനെത്തി. ചെന്നൈ അപ്പോളോ ആശുപത്രിയിൽ നിന്ന് റോഡ് മാർഗം ഇന്നലെ രാവിലെയാണ് എറണാകുളത്തെ വസതിയിൽ സി.കെ. മേനോന്റെ ഭൗതിക ശരീരമെത്തിച്ചത്.
മന്ത്രി ഇ.പി. ജയരാജൻ ഉൾപ്പെടെയുള്ളവർ ഇവിടെ അന്ത്യോപചാരം അർപ്പിച്ചു. ഉച്ചകഴിഞ്ഞ് നാലോടെ സ്വദേശമായ തൃശൂർ പാട്ടുരായ്ക്കൽ പറക്കോട്ട് ലൈനിലെ വീട്ടിൽ മൃതദേഹമെത്തിച്ചു. ഒന്നരമണിക്കൂർ നേരം പൊതുദർശനം. വീടിന് സമീപത്ത് തയ്യാറാക്കിയ പ്രത്യേക പന്തലിൽ മന്ത്രിമാരായ എ.സി. മൊയ്തീൻ, വി.എസ്. സുനിൽകുമാർ എന്നിവരെ സാക്ഷിയാക്കി ഗാർഡ‌് ഒഫ് ഓണർ നൽകിയ ശേഷം മൃതദേഹം പാറമേക്കാവ് ശാന്തിഘട്ടിലെത്തിച്ചു. ഇവിടെ വച്ചും പൊലീസ് ഗാർഡ് ഒഫ് ഓണർ നൽകി. മകൻ ജയകൃഷ്ണമേനോൻ ചിതയ്ക്ക് തീ കൊളുത്തി.
മുഖ്യമന്ത്രിക്കായി മന്ത്രി എ.സി മൊയ്തീൻ റീത്ത് സമർപ്പിച്ചു. കേരളകൗമുദിക്കായി ബ്യൂറോ ചീഫ് പ്രഭുവാര്യർ, ഡെസ്‌ക് ചീഫ് സി.ജി സുനിൽകുമാർ എന്നിവർ റീത്ത് സമർപ്പിച്ചു. മന്ത്രി വി.എസ്. സുനിൽകുമാർ, ചീഫ് വിപ്പ് കെ. രാജൻ, ടി.എൻ. പ്രതാപൻ എം.പി, ജില്ലാ കളക്ടർ എസ്. ഷാനവാസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്, മുൻമന്ത്രിമാരായ ആര്യാടൻ മുഹമ്മദ്, കെ.സി. ജോസഫ്, കെ.പി. വിശ്വനാഥൻ, എം.എം. ഹസൻ, ഇ.ടി. മുഹമ്മദ് ബഷീർ, മുനവറലി ശിഹാബ് തങ്ങൾ, അനിൽ അക്കര എം.എൽ.എ, പത്മജ വേണുഗോപാൽ, ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരൻപിള്ള, ജില്ലാ പ്രസിഡന്റ് എ. നാഗേഷ്, മേയർ അജിത വിജയൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജോൺ ഡാനിയൽ, മുൻ ഡെപ്യൂട്ടി മേയർ ബീന മുരളി, കൗൺസിലർ എം.എസ്. സമ്പൂർണ, സി.പി.എം. ജില്ലാ സെക്രട്ടറി എം.എം. വർഗീസ്, സി.പി.ഐ. ജില്ലാ സെക്രട്ടറി കെ.കെ. വത്സരാജ്, ജയരാജ് വാര്യർ, ഗുരുവായൂർ ദേവസ്വം പ്രസിഡന്റ് കെ.ബി. മോഹൻദാസ്, പാറമേക്കാവ് ദേവസ്വം പ്രസിഡന്റ് സതീഷ് മേനോൻ, സെക്രട്ടറി ജി. രാജേഷ്, തിരുവമ്പാടി ദേവസ്വം പ്രസിഡന്റ് മാധവൻകുട്ടി മാസ്റ്റർ, ടി.എസ്. കല്യാണരാമൻ, ടി.എസ്. പട്ടാഭിരാമൻ, ജോസ് ആലപ്പാട്ട്, സീനിയർ ജേണലിസ്റ്റ് ഫോറം സംസ്ഥാന പ്രസിഡന്റ് വി. പ്രതാപചന്ദ്രൻ നായർ തുടങ്ങിയവർ അന്ത്യോപചാരം അർപ്പിച്ചു.