തൃശൂർ: ബി.എസ്.എൻ.എല്ലിലെ ഇലക്ട്രിക്കൽ ജോലികൾ ചെയ്തതിന്റെ കുടിശ്ശിക ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കരാറുകാർ ഹൈക്കോടതിയിൽ റിട്ട് ഹർജി സമർപ്പിച്ചു. കേരള സർക്കിളിൽ ഒരു കോടിക്കും മൂന്നു കോടിക്കും ഇടയിൽ കുടിശികയുള്ള 10 കരാറുകാരാണ് കോടതിയെ സമീപിച്ചത്. ഒന്നരക്കൊല്ലം മുമ്പുള്ള തുകയാണ് കിട്ടാനുള്ളത്.

സംസ്ഥാനത്തെ 30 ഇലക്ട്രിക്കൽ കരാറുകാർക്ക് 35 കോടിയോളം രൂപയാണ് കൊടുക്കാനുള്ളത്. കുടിശ്ശിക കിട്ടാതായതോടെ ജൂൺ മുതൽ സംസ്ഥാനത്തെ എല്ലാ ഇലക്ട്രിക്കൽ കരാറുകാരും ജോലികളിൽ നിന്ന് പിൻവലിഞ്ഞിരുന്നു. ഇതേത്തുടർന്ന് പല എക്‌സ്‌ചേഞ്ചുകളുടെയും പ്രവർത്തനങ്ങളിൽ താളപ്പിഴകൾ ഉണ്ടാകാതെ നോക്കിയത് ജീവനക്കാരാണ്. സ്വന്തം പണം മുടക്കിയാണ് ഉദ്യോഗസ്ഥർ ഇപ്പോൾ എക്‌സ്‌ചേഞ്ചുകൾ പ്രവർത്തിപ്പിച്ചുകൊണ്ടിരിക്കുന്നത്.

മൂന്നുകോടിയോളം രൂപ കുടിശ്ശികയുള്ള ഒരു കരാറുകാരൻ മൂന്നുമാസം മുമ്പ് ഹൈക്കോടതിയെ സമീപിച്ച് അനുകൂല വിധി സമ്പാദിച്ചിരുന്നു. തുടർന്ന് ഇയാൾക്ക് നൽകാനുണ്ടായിരുന്ന തുക മുഴുവൻ ബി.എസ്.എൻ.എൽ നൽകി. ഈ പശ്ചാത്തലത്തിലാണ് കരാറുകാർ കൂട്ടത്തോടെ കോടതിയെ സമീപിച്ചത്.