തൃശൂർ: കെ.എസ്.ആർ.ടി.സിയിലെ താത്കാലിക ഡ്രൈവർമാരെ ഹൈക്കോടതി ഉത്തരവ് പ്രകാരം പിരിച്ചുവിട്ടതോടെ സർവീസുകൾ മുടങ്ങിയതിനെ തുടർന്ന് ജില്ലയിലെ ഹ്രസ്വദൂര യാത്രക്കാർ പെരുവഴിയിലായി. തൃശൂർ ഡിപ്പോയിൽ മാത്രം കൊടുങ്ങല്ലൂർ ഭാഗത്തേക്കുളള മൂന്ന് ഷെഡ്യൂളുകളാണ് മുടങ്ങിയത്. മൂന്ന് ബസുകൾ ഓടാതിരുന്നതിനാൽ യാത്രാദുരിതവും രൂക്ഷമായി. ക്ളേശം പരിഹരിക്കുന്നതിന് മുന്നൊരുക്കമൊന്നും നടത്തിയില്ലെന്ന ആക്ഷേപവുമുണ്ട്.
അവധി കഴിഞ്ഞുള്ള ദിവസമായതിനാൽ കെ.എസ്.ആർ.ടി.സിയെ ആശ്രയിക്കുന്ന യാത്രക്കാർ ഏറെയുണ്ടായിരുന്നു ഇന്നലെ. ഡ്രൈവർമാരില്ലാത്തതിനാൽ ഓർഡിനറി സർവീസുകളാണ് തടസപ്പെട്ടത്. അതേസമയം, ഏറെ താത്കാലിക ഡ്രൈവർമാരുളള തെക്കൻ ജില്ലകളിൽ നിന്നുള്ള സർവീസുകളും മുടങ്ങി. ഹൈക്കോടതി ഉത്തരവിനെ തുടർന്ന് കെ.എസ്.ആർ.ടി.സി നേരത്തേ പുറത്താക്കിയ എം പാനൽ ഡ്രൈവർമാരെ പിന്നീട് ദിവസക്കൂലിക്കാരായി തിരിച്ചെടുത്തിരുന്നു. യാത്രാക്ളേശം പരിഗണിച്ചായിരുന്നു ഇത്. ഈ നടപടി കോടതിയലക്ഷ്യമാണെന്ന് ചൂണ്ടിക്കാട്ടി നൽകിയ ഹർജിയിലാണ് വീണ്ടും കോടതിയുടെ കർശന ഇടപെടലുണ്ടായത്. താത്കാലികക്കാരെ ഒഴിവാക്കി സത്യവാങ്മൂലം നൽകണമെന്നായിരുന്നു ഉത്തരവ്. ഹൈക്കോടതി ഇടപെട്ടതോടെ താത്കാലിക ഡ്രൈവർമാരെ ഉപയോഗിച്ച് മുന്നോട്ടുപോകാനാകില്ലെന്ന് അറിഞ്ഞിട്ടും ബദൽ നടപടികൾ എടുക്കാതിരുന്നതാണ് സ്ഥിതി ഗുരുതരമാക്കിയത്.
ശമ്പളം വൈകി, ഡി.എ കിട്ടിയില്ല
അതേസമയം, ഈ മാസം ശമ്പളം കിട്ടാത്തതിലും ഡി.എ നൽകാത്തതിലും കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ പ്രതിഷേധവും ഉയരുന്നുണ്ട്. ലോണും മറ്റും കൃത്യസമയത്ത് അടയ്ക്കാനാവാതെ ജീവനക്കാർ കഷ്ടപ്പെടുകയാണ്. മുൻ മാസങ്ങളിൽ ഒരാഴ്ച കഴിഞ്ഞാണ് ശമ്പളം ലഭിച്ചത്. ഇത് സംബന്ധിച്ച് പരാതികൾ നൽകിയിട്ടും സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാണിച്ച് സർക്കാർ കൈയൊഴിയുകയാണെന്ന് ജീവനക്കാർ പറയുന്നു. മറ്റ് സേവന മേഖലകളിലൊന്നും ഇത്തരം പ്രശ്നങ്ങളില്ലെന്നാണ് അവർ ചൂണ്ടിക്കാട്ടുന്നത്.
ഡി.എ
മൂന്ന് വർഷമായി ലഭിച്ചില്ല
കിട്ടാനുളളത് 32 %
ആറ് ഗഡുക്കൾ
ആകെ നൽകിയത് ആറ് %
പെർമിറ്റ് ഉണ്ടായിട്ടും ബംഗളൂരു ബസില്ല
ഒന്നര വർഷം മുൻപ് വരെ തൃശൂരിൽ നിന്നും പുറപ്പെടുന്ന സേലം വഴിയുള്ള രണ്ട് ബംഗളൂരു ബസുകൾ ഉണ്ടായിരുന്നു. ഇതിൽ ഒന്നിൻ്റെ പെർമിറ്റ്, പത്തനംതിട്ടയിൽ നിന്നും പുതിയ സർവീസിന് വേണ്ടി പിൻവലിച്ചു. അത് ഇന്നേവരെ പുനഃസ്ഥാപിച്ചിട്ടില്ല.
അന്തർസംസ്ഥാന കരാർ നിലവിൽ വരുമ്പോൾ സർവീസ് തുടങ്ങുമെന്നാണ് അധികൃതർ പറഞ്ഞിരുന്നത്. എന്നാൽ അന്തർ സംസ്ഥാന കരാർ നിലവിൽ വന്നിട്ടും ഒന്നും നടന്നില്ലെന്നാണ് ആക്ഷേപം. തൃശൂരിൽ നിന്നും ഈ വണ്ടി പുനഃസ്ഥാപിക്കാൻ അധികൃതർ തയ്യാറാവാത്തത് സ്വകാര്യബസുകളെ സഹായിക്കാൻ വേണ്ടിയാണെന്ന ആരോപണവുമുണ്ട്. നിലവിലുള്ള രണ്ട് ബംഗളൂരു ബസുകളിലും വൻ തിരക്കാണുള്ളത്.
'' താൽക്കാലിക ഡ്രൈവർമാരില്ലാത്തത് ജില്ലയിലെ യാത്രക്കാരെ കാര്യമായി ബാധിച്ചിട്ടില്ല. ബംഗളരു ബസ് പുനഃസ്ഥാപിക്കാനുളള ശ്രമങ്ങൾ നടക്കുന്നുണ്ട്. ''
-കെ.ടി. സെബി, ഡി.ടി.ഒ, തൃശൂർ