തൃശൂർ: പുതിയ മോട്ടോർ വാഹന വകുപ്പ് നിയമം താത്കാലികമായി പിൻവലിച്ചെങ്കിലും നിയമം ലംഘിച്ച് വാഹനം ഓടിക്കുന്നവർ കുറഞ്ഞതായി കണക്കുകൾ. ജില്ലയിലെ അഞ്ച് ആർ.ടി.ഒ എൻഫോഴ്‌സ്‌മെന്റ് പികൂടുന്ന നിയമലംഘകരിൽ നിന്നും ഈടാക്കുന്ന പിഴത്തുകയിലും പത്തുലക്ഷത്തോളം രൂപയുടെ കുറവാണ് സെപ്തംബറിലുണ്ടായത്.
ഹെൽമെറ്റ് ധരിക്കാതെ മോട്ടാർ സൈക്കിൾ ഓടിക്കൽ, വാഹനം ഓടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കൽ, സീറ്റ് ബെൽറ്റ് ധരിക്കാതിരിക്കൽ, വാഹനങ്ങളിൽ ഹെഡ് ലൈറ്റ് സ്ഥാപിക്കാതിരിക്കൽ, അമിതവേഗം, ഇൻഷ്വറൻസ് അടയ്ക്കാതിരിക്കൽ, സമയക്രമം തെറ്റിച്ച് വാഹനമോടിക്കൽ എന്നിങ്ങനെ മുപ്പത്തഞ്ചോളം ഇനത്തിലുള്ള കുറ്റകൃത്യങ്ങളാണ് ആർ.ടി.ഒ എൻഫോഴ്‌സ്‌മെന്റ് പരിശോധിച്ചത്.
സെപ്തംബർ ഒന്നു മുതൽ മോട്ടോർ വാഹന നിയമങ്ങൾ പാലിച്ചില്ലെങ്കിൽ കനത്ത പിഴ ഈടാക്കുമെന്ന ഉത്തരവ് ആദ്യ ദിനങ്ങളിൽ നടപ്പിലാക്കിയതോടെയാണ് വാഹനം ഉപയോഗിക്കുന്നവർ നിയമം പാലിക്കാൻ ശ്രദ്ധിച്ചത്. ഓഗസ്റ്റിൽ ഹെൽമെറ്റ് ധരിക്കാതെ വാഹനമോടിച്ച കേസുകൾ 604 ആയിരുന്നെങ്കിൽ സെപ്തംബറിൽ അത് 83 ആയി ചുരുങ്ങി. സീറ്റ് ബെൽറ്റ് ധരിക്കാതെ വാഹനമോടിച്ച 374 കേസുകളാണ് ഓഗസ്റ്റിൽ ഉണ്ടായത്. എന്നാൽ സെപ്തംബറിൽ ഇത് 21 കേസുകൾ മാത്രമായി. ഓഗസ്റ്റിൽ ടാക്‌സ് അടക്കാത്ത 196 കേസുകൾ ഉണ്ടായെങ്കിൽ സെപ്തംബറിൽ അത് 72 ആയി ചുരുങ്ങി.
ഓഗസ്റ്റിൽ
നിയമലംഘകരിൽ നിന്നും ലഭിച്ച പിഴത്തുക - 22,03,950 രൂപ
ടാക്‌സ് ഇനത്തിൽ ആർ.ടി ഓഫീസിൽ ലഭിച്ചത് - 1,80,000 രൂപ
നിയമം തെറ്റിച്ച് വാഹനമോടിച്ച കേസുകളുടെ എണ്ണം - 2502
സെപ്തംബറിൽ
നിയമലംഘകരിൽ നിന്നും ലഭിച്ച പിഴത്തുക - 8,16,850 രൂപ
ടാക്‌സ് ഇനത്തിൽ ആർ.ടി ഓഫീസിൽ ലഭിച്ചത് - 28,800 രൂപ
നിയമം തെറ്റിച്ച് വാഹനമോടിച്ച കേസുകളുടെ എണ്ണം - 534