മാള: മാള മേഖലയിൽ വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് ലഹരി വസ്തുക്കളുടെ വിൽപ്പനയും ഉപയോഗവും വർദ്ധിക്കുന്നു. കഴിഞ്ഞ ദിവസം ഒരു വിദ്യാലയത്തിൽ കുട്ടികളിൽ നിന്ന് ഹാൻസ് പിടികൂടിയിരുന്നു. വിദ്യാർത്ഥികൾക്ക് നിരോധിത പുകയില ലഭിച്ചത് അതേ വിദ്യാലയത്തിലെ അദ്ധ്യാപികയുടെ ഭർത്താവിന്റെ കടയിൽ നിന്നായിരുന്നത്രെ.
സ്‌കൂൾ അധികൃതർക്ക് വിദ്യാർത്ഥികൾ ഇക്കാര്യം രേഖാമൂലം എഴുതി നൽകിയതോടെ വിഷയം കൂടുതൽ ചർച്ചയായി. ഹാൻസ് വിൽപ്പനയുമായി ബന്ധപ്പെട്ട് നേരത്തെ നിരവധി തവണ പൊലീസും എക്സൈസും ഈ കടയുടമയ്‌ക്കെതിരെ കേസെടുത്തിട്ടുണ്ട്. കൂടാതെ കഴിഞ്ഞ ദിവസം സംശയാസ്പദമായ രീതിയിൽ മറ്റൊരു വിദ്യാലയത്തിലെ രണ്ട് വിദ്യാർത്ഥികളെ ഈ സ്‌കൂളിൽ നിന്ന് അദ്ധ്യാപകർ പിടികൂടിയിരുന്നു.
അദ്ധ്യാപകരും രക്ഷിതാക്കളും ലഹരി വസ്തുക്കളെ ചെറുക്കാൻ നടത്തിയ ശ്രമത്തിലാണ് വിദ്യാർത്ഥികളെ നിരീക്ഷിച്ചത്. പല വിദ്യാലയങ്ങളും സത്പേര് സംരക്ഷിക്കാനായി ഇത്തരം സംഭവങ്ങൾ ഒതുക്കുന്നതായും ബന്ധവപ്പെട്ടവരെ അറിയിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്. വിദ്യാലയങ്ങൾക്ക് സമീപം മത്സരിച്ച് പരസ്യമായി ഹാൻസ് വിൽപ്പന നടത്തിയിട്ടും അധികൃതർ നടപടി സ്വീകരിക്കാത്തതിനെതിരെ വ്യാപകമായ ആക്ഷേപങ്ങളുണ്ട്.
വി.ആർ. സുനിൽകുമാർ എം.എൽ.എ.യുടെ ഓഫീസ് ലഹരി വിൽപ്പന സംബന്ധിച്ച് നിരവധിതവണ പരാതിപ്പെട്ടിട്ടും അധികൃതർ നടപടി സ്വീകരിച്ചില്ലെന്നും ആക്ഷേപം നിലനിൽക്കുന്നു. കൊടുങ്ങല്ലൂർ എക്സൈസ് അധികൃതരെയാണ് എം.എൽ.എ.യുടെ ഓഫീസ് പരാതി അറിയിച്ചിട്ടുള്ളത്. വിദ്യാലയങ്ങൾ കേന്ദ്രീകരിച്ചുള്ള ലഹരി വസ്തുക്കളുടെ വിൽപ്പനയും ഉപയോഗവും കർശനമായി തടയുമെന്ന് അദ്ധ്യയന വർഷം തുടങ്ങും മുൻപേ എം.എൽ.എ വിളിച്ച യോഗത്തിൽ അധികൃതർ ഉറപ്പു നൽകിയിരുന്നെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ല.
നിയമ വ്യവസ്ഥയെ വെല്ലുവിളിച്ച് ലഹരി വിൽപ്പന പൊടിപൊടിക്കുമ്പോൾ പൊലീസും എക്സൈസും നോക്കുകുത്തിയായി മാറുന്നതായി ജനങ്ങൾക്കിടയിൽ ആക്ഷേപമുണ്ട്. ലഹരിക്കെതിരെ യോഗങ്ങൾ മാത്രം സംഘടിപ്പിച്ച് ചടങ്ങ് കഴിക്കുന്ന സമീപനമാണ് എക്സൈസ് അധികൃതർ സ്വീകരിക്കുന്നതെന്നാണ് ചില അദ്ധ്യാപകർ പറയുന്നത്. വിദ്യാലയങ്ങളുടെ സമീപത്തെ കടകളിൽ നിന്ന് ലഹരി ഉത്പന്നങ്ങൾ ലഭിക്കുന്നുണ്ടെന്നും സൂചനയുണ്ട്. കൂടാതെ കഞ്ചാവിന്റെ വിൽപ്പനയും മാള മേഖലയിൽ വർദ്ധിച്ചതായി പരാതികളുണ്ട്.