തൃശൂർ: ക്ഷേത്രങ്ങളിൽ പ്രത്യേകം സജ്ജീകരിച്ച നവരാത്രി മണ്ഡപങ്ങളിൽ ഇന്ന് വൈകിട്ട് പൂജവയ്പ് ചടങ്ങുകൾ ആരംഭിക്കും. ഇത്തവണ രണ്ട് ദിവസത്തെ അടച്ചുപൂജ കഴിഞ്ഞ് വിജയ ദശമി ദിവസമായ ചൊവ്വാഴ്ചയാണ് പൂജയെടുപ്പും വിദ്യാരംഭവും നടക്കുക. ജില്ലയിലെ പ്രധാന ക്ഷേത്രങ്ങളെല്ലാം നവരാത്രി ആഘോഷത്തിന്റെ നിറവിലാണ്. സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതൽ കുട്ടികളെ എഴുത്തിനിരുത്തുന്ന ക്ഷേത്രങ്ങളിൽ ഒന്നായ ചേർപ്പ് തിരുവുള്ളക്കാവ് ക്ഷേത്രം, നഗരത്തിലെ പ്രധാന ക്ഷേത്രങ്ങളായ കൂർക്കഞ്ചേരി ശ്രീ മാഹേശ്വര ക്ഷേത്രം, പറാമേക്കാവ്, തിരുവമ്പാടി, വടക്കുന്നാഥ ക്ഷേത്രം, അശോകേശ്വരം, മിഥുനപ്പിള്ളി ശിവക്ഷേത്രം എന്നിവിടങ്ങളിൽ ഇന്ന് വൈകീട്ട് പൂജവയ്പ് ചടങ്ങുകൾ നടക്കും.
വടക്കാഞ്ചേരി: കരുമത്ര കുടുംബാട്ടുകാവ് ക്ഷേത്രത്തിലെ നവരാത്രി ആഘോഷത്തിന്റെ ഭാഗാമായി ഇന്ന് വൈകീട്ട് ആറിന് പ്രത്യുഷ, പ്രഥ്യുവിക എന്നിവരുടെ തായമ്പക അരങ്ങേറ്റം നടക്കും. നാളെ രാവിലെ 8.30ന് മാതൃപൂജയും വൈകീട്ട് നിറമാല, ചുറ്റുവിളക്ക് എന്നിവയും ഉണ്ടായിരിക്കും. മഹാനവമി ദിവസമായ തിങ്കളാഴ്ച രാവിലെ സരസ്വതി പൂജ, വൈകീട്ട് നിറമാല, ചുറ്റുവിളക്ക്, തുടർന്ന് ഭജന. ചൊവ്വാഴ്ച രാവിലെ 8.30 ന് വിദ്യാരംഭം, തുടർന്ന് വിദ്യാഗോപാല മാന്ത്രാർച്ചന എന്നിവയും ഉണ്ടായിരിക്കും.