തൃശൂർ: പൊതുവിദ്യാലയങ്ങളിൽ നിന്ന് വിദ്യാർത്ഥികൾ കൊഴിഞ്ഞുപോകുന്നതിന്റെ എണ്ണം കുറയുന്നു. കൊഴിഞ്ഞുപോക്ക് കുറയുന്നതിന് കാരണം പ്രവർത്തനമികവാണെന്നാണ് വിലയിരുത്തൽ. ജില്ലയിൽ കഴിഞ്ഞ അദ്ധ്യയന വർഷം ഇടയ്ക്ക് പഠനം നിറുത്തിയത് 257 കൂട്ടികൾ മാത്രം. 2017 - 2018 വർഷത്തിൽ 270 കുട്ടികളാണ് ഇടയ്ക്കു പഠനം നിറുത്തിയത്.
2015 - 16 അദ്ധ്യയന വർഷത്തിൽ ജില്ലയിൽ നിന്നും 635 വിദ്യാർത്ഥികൾ പഠനം നിറുത്തിയിരുന്നു. 2016 - 17 വർഷത്തിൽ 350 ആയി കുറഞ്ഞു. കൊഴിഞ്ഞുപോയവരിൽ തന്നെ അഞ്ചു ശതമാനത്തിൽ അധികം പേർ ഭിന്നശേഷിക്കാരായ കുട്ടികളാണ്. ശരീരിക, മാനസിക പ്രശ്‌നങ്ങളാൽ വരാൻ പറ്റാത്ത സാഹചര്യത്തിലാണ് ഇക്കൂട്ടർ പഠനം നിറുത്തിയതെന്നാണ് അറിവ്.
ഇതര സംസ്ഥാനങ്ങളിൽ നിന്നും ജോലി തേടി വന്നവരുടെ കുട്ടികളിൽ നാട്ടിലേക്ക് തിരിച്ചുപോയവരും ഇതിൽ ഉൾപ്പെടും. സാമ്പത്തിക പ്രശ്‌നങ്ങളാൽ സ്‌കൂളിൽ എത്താത്ത കുറച്ചുപേരുമുണ്ട്. പൊതു വിദ്യാലയങ്ങളിൽ തന്നെ സർക്കാർ സ്‌കൂളുകളിലേക്ക് കുട്ടികളെ പഠിക്കാൻ വിടുന്ന പ്രവണതയും രക്ഷിതാക്കളിൽ കൂടിയിട്ടുണ്ടെന്ന് കണക്കുകൾ തെളിയിക്കുന്നു.
ഇടയ്ക്ക് പഠനം നിറുത്തിയവർ
2015 - 2016 - 635
2016- 2017 - 350
2017 -2018 - 270
2018-2019 - 257
കഴിഞ്ഞ വർഷം പോയത്
32 ആൺകുട്ടികളും 13 പെൺകുട്ടികളും അടക്കം 45 കുട്ടികൾ മാത്രമാണ് സർക്കാർ വിദ്യാലയങ്ങളിൽ നിന്നും കൊഴിഞ്ഞുപോയത്. പട്ടികജാതി വിഭാഗത്തിൽ നിന്നും ഏഴ് ആൺകുട്ടികളും രണ്ടു പെൺകുട്ടികളും അടക്കം ഒമ്പതുപേരും പട്ടിക വർഗത്തിൽ നിന്നും ഒരു ആൺകുട്ടിയുമാണ് ഇടയ്ക്ക് പഠനം നിറുത്തിയത്. ക്രൈസ്തവ വിഭാഗത്തിൽ നിന്നും രണ്ട് ആൺകുട്ടികൾ മാത്രമാണ് ഇടയ്ക്ക് പഠനം നിറുത്തിയത്. 13 ആൺകുട്ടികളും നാലു പെൺകുട്ടികളും അടക്കം 17 പേർ മുസ്‌ലിം വിഭാഗത്തിൽ നിന്നും പഠനം നിറുത്തിയവരാണ്. അഞ്ചു ആൺകുട്ടികളും നാലു പെൺകുട്ടികളും അടക്കം ഒമ്പതു പേരാണ് ഇതര ന്യുനപക്ഷ വിഭാഗങ്ങളിൽ നിന്നും കൊഴിഞ്ഞുപോയവർ.
2017 - 18
ഈ വർഷത്തിൽ 68 പേരാണ് സർക്കാർ സ്‌കൂളുകളിൽ നിന്നും കൊഴിഞ്ഞത്. എയ്ഡഡ് സ്‌കൂളിൽ നിന്നും 154 ആൺകുട്ടികളും 58 പെൺകുട്ടികളും അടക്കം 212 കുട്ടികളാണ് ഈ കാലഘട്ടത്തിൽ സ്‌കൂൾ വിട്ടത്. 40 ആൺകുട്ടികളും ഒമ്പതു പെൺകുട്ടികളും അടക്കം 49 പേരാണ് പട്ടികജാതിയിൽ നിന്നും പഠനം നിറുത്തിയത്. പട്ടിക വർഗത്തിലിത് എട്ട് ആൺകുട്ടികളും 39 പെൺകുട്ടികളും അടക്കം 47 പേരാണ്.
ആകർഷിക്കുന്ന ഘടകങ്ങൾ
പൊതുവിദ്യാലയങ്ങളിൽ മെച്ചപ്പെട്ട സൗകര്യം ഒരുക്കിയിട്ടുള്ളത് കുട്ടികളെ ഇവിടെ പിടിച്ചുനിറുത്താൻ വഴിയൊരുക്കുന്നു. സ്മാർട്ട് ക്ലാസ്മുറികൾ, വിവിധ പാഠ്യ പാഠ്യേതര പദ്ധതികൾ, ഉച്ചഭക്ഷണം അടക്കമുള്ളവ ആകർഷണീയ ഘടകങ്ങളാണ്.