എരുമപ്പെട്ടി: പഞ്ചായത്തിൽ അജൈവ മാലിന്യ ശേഖരണ കേന്ദ്രം തുടങ്ങുന്നതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. അഞ്ചാം വാർഡിലെ മുരിങ്ങത്തേരി കോട്ടക്കുന്നിലാണ് പദ്ധതി നടപ്പിലാക്കുന്നത്. പഞ്ചായത്തിലെ വീടുകളിൽ നിന്നും ഹരിത കർമ്മ സേന വഴി പ്ലാസ്റ്റിക്ക് വസ്തുക്കൾ ഉൾപ്പടെയുള്ള അജൈവ മാലിന്യങ്ങൾ ശേഖരിച്ച് കോട്ടക്കുന്നിൽ സംഭരിക്കുന്നതിനാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. സർക്കാരിന്റെ നിർദേശ പ്രകാരം ബ്ലോക്ക് പഞ്ചായത്തും എരുമപ്പെട്ടി ഗ്രാമ പഞ്ചായത്തും സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്. 25 ലക്ഷം രൂപയാണ് പദ്ധതിക്കായി വകയിരുത്തിയിട്ടുള്ളത്. പഞ്ചായത്തിന്റെ അധീനതയിലുള്ള കോട്ടക്കുന്നിലെ എട്ട് ഏക്കർ ഭൂമിയാണ് പദ്ധതിക്കായി കണ്ടെത്തിയിട്ടുള്ളത്.
അതേസമയം കോട്ടക്കുന്നിൽ മാലിന്യ സംസ്കരണ പ്ലാന്റ് സ്ഥാപിക്കാനാണ് നീക്കം നടക്കുന്നതെന്നും ഇത് വലിയ പരിസ്ഥിതി മലിനീകരണത്തിന് ഇടയാക്കുമെന്നും ചൂണ്ടി കാണിച്ച് നാട്ടുകാർ രംഗത്തെത്തി. കോട്ടക്കുന്നിന് സമീപം ഇരുനൂറിലധികം കുടുംബങ്ങൾ താമസിക്കുന്നുന്നുണ്ട്. ആരോഗ്യ പ്രശ്നങ്ങളുണ്ടാകാൻ സാധ്യതയുള്ളതിനാൽ മാലിന്യ സംസ്കരണ പദ്ധതി നടപ്പിലാക്കരുതെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് കെ.കെ. ജോസഫിന്റെ നേതൃത്വത്തിൽ പ്രദേശവാസികളിൽ ഒരു വിഭാഗമാളുകൾ പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നൽകിയിട്ടുണ്ട്. പഞ്ചായത്തിന്റെ നീക്കത്തിനെതിരെ പ്രക്ഷോഭ പരിപാടികൾ ആരംഭിക്കുമെന്ന് ബി.ജെ.പി പഞ്ചായത്ത് പ്രസിഡന്റ് രാജേഷ് കുമാറും അറിയിച്ചു.
...................
മാലിന്യ സംസ്കരണമല്ല സംഭരണം മാത്രമാണ് നടത്തുന്നത്. കോട്ടക്കുന്നിൽ അനധികൃതമായി ഭൂമി കൈയ്യേറ്റം നടത്തിയിട്ടുള്ളവർ സംസ്കരണ പ്ലാന്റ് സ്ഥാപിക്കുന്നുവെന്ന പ്രചരണം നടത്തി ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് പദ്ധതിക്ക് തടയിടാൻ ശ്രമിക്കുകയാണ്. ജനങ്ങളുടെ ആശങ്കയകറ്റി മാത്രമെ പദ്ധതി നടപ്പിലാക്കുകയുള്ളു.
- മീന ശലമോൻ (പഞ്ചായത്ത് പ്രസിഡന്റ്)