തൃശൂർ: ഭിന്നശേഷിയുള്ള വിദ്യാർത്ഥികളുടെ സർഗശേഷിയും പഠനശേഷിയും ആധുനിക സാങ്കേതിക വിദ്യകളുടെ കൂടി സഹായത്തോടെ കണ്ടെത്തി വളർത്തിയെടുക്കാൻ അദ്ധ്യാപകരും രക്ഷിതാക്കളും ശ്രദ്ധിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ്. സംസ്ഥാന സർക്കാർ തൃശൂരിൽ നടത്തുന്ന 'അവസരങ്ങളുടെ ആഘോഷ'ത്തിൽ ഭിന്നശേഷിക്കാർക്കുള്ള സഹായ ഉപകരണങ്ങളുടെ പ്രദർശനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സെൻട്രൽ ഡിസെബിലിറ്റി ബോർഡ് അംഗം ജി. വിജയരാഘവൻ മുഖ്യപ്രഭാഷണം നടത്തി. എൻ.ഐ.പി.എം.ആർ എക്‌സിക്യൂട്ടിവ് ഡയറക്ടർ ഡോ. ബി. മുഹമ്മദ് അഷീൽ, ഡി.പി.സി അംഗം വർഗീസ് കണ്ടംകുളത്തി, ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ മഞ്ജുള അരുണൻ, ഡോ. സിന്ധു വിജയകുമാർ എന്നിവർ പ്രസംഗിച്ചു.
സാമൂഹിക നീതി വകുപ്പ്, കേരള സാമൂഹിക സുരക്ഷാ മിഷൻ, കല്ലേറ്റുംകരയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റിഹാബിലിറ്റേഷൻ എന്നിവയുടെ ആഭിമുഖ്യത്തിലാണ് അവസരങ്ങളുടെ ആഘോഷം ഒരുക്കിയത്. സംസ്ഥാനത്ത് ഇതാദ്യമായാണ് സെമിനാറുകളും പ്രദർശനവും പരിശോധനയും അടക്കമുള്ള പരിപാടി സംഘടിപ്പിക്കുന്നത്. നാളെ ഉച്ചയോടെ സമാപിക്കും.