കോടാലി: മാസങ്ങൾക്ക് മുൻപുവരെ ഉണ്ടായിരുന്ന കാട്ടാനശല്യം ഇടവേളക്ക് ശേഷം വീണ്ടും ആരംഭിച്ചു. കഴിഞ്ഞ രാത്രിയിൽ പോത്തൻചിറയിൽ കൃഷി നശിപ്പിച്ചു. ചിരണക്കൽ പോളിന്റെ കൃഷിയിടത്തിലെ കായ്ഫലമുള്ള രണ്ട് തെങ്ങുകൾ, നാല് വർഷം പ്രായമുള്ളതും കായ്ച്ചതുമായ അഞ്ച് ജാതികൾ, അഞ്ച് അടക്കാമരങ്ങൾ, ടാപ് ചെയ്യുന്ന മൂന്ന് റബ്ബർമരങ്ങൾ എന്നിവയാണ് നശിപ്പിച്ചത്. ജലസേജനത്തിനായി സ്ഥാപിച്ച 15 മീറ്റർ പൈപ് ലൈനും ആനക്കൂട്ടം ഉപയോഗശൂന്യമാക്കി. ഐപൻ പറമ്പിൽകുന്നേൽ മറിയാമയുടെ തെങ്ങും മൂന്ന് അടക്കാമരവും നശിപ്പിച്ചു. കാട്ടുമൃഗങ്ങളിൽ നിന്നും രക്ഷനേടുന്നതിനായി പലയിടങ്ങളിലും കമ്പിവേലി സ്ഥാപിച്ചിട്ടുണ്ടെങ്കിലും അതെല്ലാം തകർത്താണ് ആന കൃഷിയിടത്തേക്ക് കടക്കുന്നത്. തെങ്ങ്, റബ്ബർ, വാഴ, കശുമാവ്, കുരുമുളക് തുടങ്ങിയവയാണ് പ്രധാനമായും ഈ പ്രദേശത്ത് കൃഷിചെയ്യുന്നത്. പോളിന്റെ പറമ്പിൽ രണ്ട് വർഷത്തിനിടെ 100 ഓളം അടക്കാമരങ്ങൾ ആന നശിപ്പിച്ചിട്ടുണ്ട്. പതിനഞ്ചോളും പ്ലാവുകളും മറിച്ചിട്ടു.
നഷ്ടം നികത്താതെ നഷ്ടപരിഹാരം
വന്യമൃഗങ്ങൾ നശിപ്പിച്ച കൃഷിക്ക് ലഭിച്ച നഷ്ടപരിഹാരം കുറഞ്ഞെന്ന് കർഷകരുടെ പരാതി. കേടായി മുറിച്ചു കളയുന്ന തെങ്ങിന് 1000 രൂപ കൃഷിവകുപ്പ് നൽകുമ്പോൾ ആനക്കൂട്ടം നശിപ്പിക്കുന്ന കായ്ഫലമുള്ള തെങ്ങ് ഒന്നിന് 770 രൂപ മാത്രമാണ് ലഭിച്ചതെന്നും പരാതിയുണ്ട്. ഒരു സെന്റ് സ്ഥലത്തെ ഇഞ്ചിക്കൃഷി നശിപ്പിച്ചാൽ ലഭിക്കുന്നത് 15 രൂപമാത്രം. ഒരു സെന്റ് സ്ഥലത്ത് ഇഞ്ചിക്കൃഷി ചെയ്യണമെങ്കിൽ 2000 രൂപയെങ്കിലും ചെലവുവരുമെന്നും കർഷകർ പറയുന്നു. വന അദാലത്തിൽ നഷ്ടപരിഹാര തുക രേഖപ്പെടുത്തിയ ലെറ്റർ കിട്ടിയെങ്കിലും ഇതുവരെയും തുക അക്കൗണ്ടിലോ നേരിട്ടോ ലഭിച്ചിട്ടില്ല. കൃഷിയിടങ്ങൾ സംരക്ഷിക്കാനായി കെട്ടിയ മതിലുകളും കമ്പിവേലിയും വാർക്ക പോസ്റ്റുകളും നശിപ്പിച്ചതിന് യാതൊരു നഷ്ടപരിഹാരവും ലഭിച്ചിട്ടില്ല. വിവിധയിടങ്ങളിലായി 750 ഓളം മീറ്റർ നീളത്തിലാണ് കമ്പിവേലി നശിപ്പിച്ചിരിക്കുന്നത്. ലക്ഷങ്ങൾ ചെലവാക്കിയാണ് കൃഷിയിടങ്ങൾ സംരക്ഷിക്കുന്നതിനായി മതിലുകളും കമ്പിവേലിയും സ്ഥാപിച്ചത്. ഇതിന് നഷ്ടപരിഹാരം അനുവദിച്ചിട്ടുമില്ല.
രണ്ടുവർഷമായി തുടരുന്ന ആനശല്യത്തിന് തടയിടാനായില്ല
2017മേയിലാണ് മുപ്ലിയിൽ ആനയിറങ്ങി തെങ്ങുകളും വാഴകളും മറ്റ് കൃഷികളും നശിപ്പിച്ചത്. അന്ന് ഓലിക്കൽ ജോർജിന്റെയും വെളുത്താൻ ശാന്തയുടേയും പറമ്പിലെ കൃഷികളാണ് നശിപ്പിച്ചത്. പിന്നീട് കാട്ടാനശല്യം വെള്ളിക്കുളങ്ങര മേഖലയിലെ പോത്തംചിറ, താളുപ്പാടം, കാരിക്കടവ് തുടങ്ങിയ മേഖലകളിലേക്കും വ്യാപിക്കുകയായിരുന്നു. രണ്ടരവർഷത്തോളമായി ജനവാസകേന്ദ്രങ്ങളുടെ സമീപത്തെ വില്ലുകുന്ന് മല എന്നറിയപ്പെടുന്ന ചെറിയ കാട്ടിൽ ആനകൾ നിലയുറപ്പിച്ചിരിക്കുകയാണ്. 900 ത്തോളം ഏക്കർ വരുന്ന വില്ലുകുന്ന് മലയുടെ ചുറ്റുമുള്ള വിവിധ പ്രദേങ്ങൾ കാട്ടാനശല്യത്തിന്റെ ഭീഷണിയിലാണ്.
കൃഷിയിടങ്ങൾക്ക് ചുറ്റും സ്ഥാപിച്ച മതിലുകളും കമ്പിവേലികളും തകർന്നതോടെ ആനകൾക്ക് തടസംകൂടാതെ കൃഷിയിടങ്ങളിലേക്ക് പ്രവേശിക്കാവുന്ന സ്ഥിതിയാണിപ്പോൾ. ഇവ പുനസ്ഥാപിക്കാനാവാത്ത സ്ഥിതിയാണ്.
സമരങ്ങളും പ്രതിഷേധങ്ങളും പരാതികളും പലതവണ ആവർത്തിച്ചതിന്റെ ഫലമായി വനംവകുപ്പ് ആനകളെ സമീപത്തെ കാട്ടിലേക്ക് ഓടിച്ചും സോളാർ വേലികൾ സ്ഥാപിച്ചും നടപടിയെടുത്തെങ്കിലും തങ്ങളുടെ ജീവനും സ്വത്തിനും ഇപ്പോഴും യാതൊരു സംരക്ഷണവുമില്ലെന്ന് നാട്ടുകാർ പറയുന്നു. രണ്ട് മീറ്റർ ഉയരത്തിൽ ഏഴ് ലൈനുകളിലായി ചെറിയ ജീവികൾക്കു പോലും പ്രവേശിക്കാനാവാത്തവിധത്തിലായിരുന്നു സോളാർ വേലിയുടെ നിർമാണം. എന്നാൽ ഈ വേലിക്കും കാട്ടാനകൂട്ടത്തിന്റെ ശല്യം തടയാനായില്ല. വനാതിർത്തിയിൽ സ്ഥാപിച്ച സോളാർ വേലികളുടെ പ്രവർത്തനം കാര്യക്ഷമമായില്ല. ആനകൾ തന്നെ അവ ചവിട്ടി ഒടിച്ചുകളഞ്ഞു. ഇവ പുനസ്ഥാപിക്കാനും ഇതുവരെ നടപടിയുണ്ടായിട്ടില്ല.
മലയോര മേഖലകളിലെ കൃഷിയിടങ്ങളിൽ മറ്റ് വന്യമൃഗങ്ങളുടെ ശല്യവും വർദ്ധിച്ചിട്ടുണ്ട്. വനാതിർത്തിയിൽ കിടങ്ങ് താത്തുന്നതിനും സോളാർ കമ്പിവേലിയുടെ അറ്റകുറ്റപണികൾ നടത്താനും നിർദ്ദേശിച്ചതായി ഭൂ ഉടമകൾക്ക് അറിയിപ്പ് ലഭിച്ചിട്ടുണ്ടെങ്കിലും യാതൊരു നടപടിയുമുണ്ടായിട്ടില്ലെന്നും കർഷകർ പറയുന്നു. കാട്ടുമൃഗങ്ങളുടെ ആക്രമണത്തിൽ നിന്ന് രക്ഷിക്കാൻ അടിയന്തര നടപടിയെടുക്കണമെന്നാണ് കർഷകരുടെ ആവശ്യം. കർഷകർ ആത്മഹത്യയുടെ വക്കിലാണെന്നും അതിനുത്തരവാദി വനംവകുപ്പാണെന്നും കർഷകർ ആരോപിക്കുന്നുണ്ട്.
അപേക്ഷകൾ സ്വീകരിക്കുന്ന മുറക്ക് സർക്കാരിന്റെ നിർദേശത്തെ തുടർന്ന് നിർമാണപ്രവൃത്തികൾ നടത്തും
- ജി. വിശ്വനാഥൻ (ഡെപ്യൂട്ടി റെയ്ഞ്ചർ)