തൃശൂർ: ഫോണിൽ ഭക്ഷണം ഓർഡർ ചെയ്ത് ഹോട്ടലുകളിൽ നിന്നു ഓൺലൈൻ വഴി പണം തട്ടുന്ന ഉത്തരേന്ത്യൻ സംഘം വീണ്ടും തൃശൂർ കേന്ദ്രമാക്കി പ്രവർത്തനം തുടങ്ങി. ചാവക്കാട്, എടക്കഴിയൂർ, ഗുരുവായൂർ എന്നിവിടങ്ങളിലെ ഹോട്ടലുകളിലേക്ക് കഴിഞ്ഞ ദിവസങ്ങളിൽ മുമ്പ് നടന്ന തട്ടിപ്പിന് സമാനമായ രീതിയിൽ ഫോൺ വിളിയെത്തി. പട്ടാളക്കാരൻ എന്നു പരിചയപ്പെടുത്തിയ ഒരാൾ ക്യാമ്പിലെ പട്ടാളക്കാർക്കു ഭക്ഷണം വേണമെന്ന് ആവശ്യപ്പെട്ടു വലിയ തുകയ്ക്കു ഭക്ഷണം പാഴ്‌സലായി ഓർഡർ ചെയ്തു. 15 മിനുറ്റ് കഴിഞ്ഞപ്പോൾ ഓർഡർ ചെയ്തയാൾ വീണ്ടും വിളിച്ചു. പണം അക്കൗണ്ട് വഴി മാത്രമേ ട്രാൻസ്ഫർ ചെയ്യാൻ തങ്ങൾക്ക് അനുമതിയുള്ളൂവെന്നും അതിനാൽ പാസ്ബുക്കിന്റെയും എ.ടി.എം കാർഡിന്റെയും ഫോട്ടോ എടുത്ത് അയക്കണമെന്നായിരുന്നു നിർദ്ദേശം.
നാലു മാസം മുമ്പ് ജില്ലയിലെ നിരവധി ഹോട്ടലുടമകൾക്ക് സമാനമായ തട്ടിപ്പിൽ ലക്ഷക്കണക്കിന് രൂപ നഷ്ടമായിരുന്നു. സിറ്റി പൊലീസ് കമ്മിഷണർ യതീഷ് ചന്ദ്രയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം ഏറെ പണിപ്പെട്ടാണ് ഉത്തർപ്രദേശ് മധുര ബിഷംഭര സ്വദേശി ദിൽബാഗിനെ പിടികൂടിയത്. പണം തട്ടുന്ന സംഘത്തിലെ പ്രധാനിയായിരുന്നു ദിൽബാഗ്. ഇത്തരത്തിലുള്ള തട്ടിപ്പ് ആവർത്തിക്കാൻ സാദ്ധ്യതയുണ്ടെന്ന ഹോട്ടൽ ആൻഡ് റസ്‌റ്റോറന്റ്‌സ് അസോസിയേഷന്റെ മുന്നറിയിപ്പുള്ളതിനാൽ ഇക്കുറി തട്ടിപ്പിൽ നിന്ന് ഹോട്ടലുകൾ രക്ഷപ്പെടുകയായിരുന്നു.


 തട്ടിപ്പ് ഇങ്ങനെ
ബാങ്ക് അക്കൗണ്ടും വിവരങ്ങളും വാട്‌സാപ് വഴി തന്നാൽ ഓൺലൈനായി പണം അടയ്ക്കാമെന്ന് വിശ്വസിപ്പിച്ച് എ.ടി.എം വിവരങ്ങളും പാസ്‌വേഡും തന്ത്രപൂർവം ചോർത്തും. നിമിഷങ്ങൾക്കകം വലിയൊരു തുക അക്കൗണ്ടിൽനിന്നു പിൻവലിക്കും. സമാനമായ ഒട്ടേറെ തട്ടിപ്പുകൾ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നടത്തിയതായി സൂചനയുണ്ടെങ്കിലും നാണക്കേടു മൂലം പലരും പരാതിപ്പെടാതിരുന്നതിനാലാണ് സംഘം തഴച്ചുവളർന്നത്.

 തട്ടിപ്പുകാർ ഉത്തരേന്ത്യക്കാർ

ഉത്തർപ്രദേശ്, രാജസ്ഥാൻ, ഡൽഹി എന്നിവിടങ്ങളിലെ അതിർത്തി ഗ്രാമങ്ങൾ കേന്ദ്രീകരിച്ചാണ് ഇത്തരം തട്ടിപ്പു സംഘങ്ങളുടെ പ്രവർത്തനം. ഗ്രാമത്തിലുള്ള മിക്ക തട്ടിപ്പുകാരുടെയും കൈവശം നാടൻ തോക്കുകളും മറ്റ് ആയുധങ്ങളുമുണ്ട്. പുറത്തുനിന്നുള്ള ആളുകൾ എത്തുന്നതു നിരീക്ഷിക്കാൻ പ്രത്യേക സംവിധാനവുമുണ്ട്. 3 സംസ്ഥാനങ്ങൾ അതിർത്തി പങ്കിടുന്നതിനാൽ കടന്നുകളയുന്നതിനുള്ള സാദ്ധ്യതയും കൂടുതലാണ്.

 തട്ടിപ്പ് നമ്പർ

കഴിഞ്ഞ ദിവസം ജില്ലയിലെ വിവിധ ഹോട്ടലുകളിലേക്ക് തട്ടിപ്പിനായി കോൾ വന്നത് 6003983718, 6003983719 എന്നീ നമ്പറുകളിൽ നിന്നായിരുന്നു.

 ഹോട്ടലുകാർ ശ്രദ്ധിക്കണം

ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, പാസ്‌വേഡ്, യൂസർ നെയിമുകൾ എന്നിവ തന്ത്രപൂർവം തട്ടിയെടുത്തു പല രീതിയിൽ പണം തട്ടുന്ന സംഘങ്ങളെ കുറിച്ച് പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്. രഹസ്യ വിവരങ്ങൾ ആരും കൈമാറരുത്- ബിജുലാൽ (ജില്ലാ സെക്രട്ടറി, ഹോട്ടൽ ആന്റ് റസ്റ്റോറന്റ്സ് അസോസിയേഷൻ)