തൃശൂർ: കോർപറേഷനിലെ കോൺഗ്രസ്- ബി.ജെ.പി വഴിവിട്ടബന്ധം ഇരുപാർട്ടികളും തുറന്നുപറയാൻ തയ്യാറാവണമെന്ന് മേയർ അജിത വിജയൻ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. കോൺഗ്രസ് കൗൺസിലറും പ്രതിപക്ഷനേതാവുമായ അഡ്വ. എം.കെ. മുകുന്ദൻ മേയർക്ക് നൽകിയ കത്തിൽ തങ്ങൾക്ക് 28 കൗൺസിലർമാരുടെ പിന്തുണയുണ്ടെന്നാണ് അവകാശപ്പെടുന്നത്. ഇതിൽ 22കോൺഗ്രസ് കൗൺസിലർമാർക്കൊപ്പം ആറ് ബി.ജെ.പി കൗൺസിർലർമാരും ഉൾപ്പെടും. ബി.ജെ.പിയും കോൺഗ്രസും തിരശീലയ്ക്കു പിന്നിൽ ഒന്നായി പാർട്ടി നേതാവായി അഡ്വ. മുകുന്ദനെ തെരഞ്ഞെടുത്തതായാണ് സൂചന. കോൺഗ്രസും ബി.ജെ.പിയും ചേർന്ന് അവിശ്വാസം കൊണ്ടുവരാൻ പോകുന്നതായി മാദ്ധ്യമങ്ങളിലും വാർത്ത വന്നു. കോൺഗ്രസ് ബി.ജെ.പി ബന്ധം യാഥാർത്ഥ്യമെങ്കിൽ ഇരുപാർട്ടികളും അത് തുറന്ന് പറയണമെന്ന് മേയർ പറഞ്ഞു.

കൗൺസിലിൽ ചട്ടവിരുദ്ധമായി വോട്ടെടുപ്പ് നടത്തണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. വോട്ടെടുപ്പ് നടത്തേണ്ട രീതി അദ്ധ്യക്ഷനിൽ നിക്ഷിപ്തമാണ്. മുനിസിപ്പൽ ആക്ട് പ്രകാരം അവതരിപ്പിച്ച പ്രമേയത്തിൽ ചർച്ച ഇല്ലാത്ത പക്ഷമോ, ചർച്ച അവസാനിക്കുമ്പോഴൊ ആണ് വോട്ടെടുപ്പ് ആവശ്യപ്പെടേണ്ടത്. വിഷയം സമവായത്തിലൂടെ പരിഹരിക്കാം- മേയർ പറഞ്ഞു. ഡി.പി.സി അംഗം വർഗീസ് കണ്ടംകുളത്തി, ഡെപ്യൂട്ടിമേയർ റാഫിജോസ്, പി. കൃഷ്ണൻകുട്ടി, പി. സുകുമാരൻ, ഷീബ ബാബു എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.