custody-death

തൃശൂർ: എക്സൈസ് ഉദ്യോഗസ്ഥർ പിടികൂടിയ മലപ്പുറം സ്വദേശി രഞ്ജിത്ത് മരിച്ച സംഭവം കസ്റ്റഡി മരണമാണെന്നു കാണിച്ച് അന്വേഷണ ഉദ്യോഗസ്ഥനായ ഗുരുവായൂർ എ.സി.പി: ബിജു ഭാസ്‌കർ ചാവക്കാട് കോടതിയിൽ റിപ്പോർട്ട് നൽകി. അസ്വാഭാവിക മരണത്തിനാണ് നേരത്തേ പാവറട്ടി പൊലീസ് കേസെടുത്തിരുന്നത്.

തലയ്ക്കും മുതുകിനുമേറ്റ ക്രൂരമർദ്ദനവും ശരീരത്തിലാകമാനമുള്ള ക്ഷതവും മൂലമുണ്ടായ ആന്തരിക രക്തസ്രാവമാണ് മരണ കാരണമെന്ന് വിശദമാക്കുന്ന പോസ്റ്റുമോർട്ടം റിപ്പോർട്ട് ഇന്നലെ വൈകിട്ട് പൊലീസിന് ലഭിച്ചിരുന്നു. ഇതേത്തുടർന്നാണ് എക്സൈസ് ഉദ്യോഗസ്ഥർക്കു മേൽ കൊലപാതകക്കുറ്റം ചുമത്തി പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകിയത്.

മൂന്ന് പ്രിവന്റീവ് ഉദ്യോഗസ്ഥർ, നാല് സിവിൽ ഉദ്യോഗസ്ഥർ, ഒരു ഡ്രൈവർ എന്നിവരുൾപ്പെടെ എട്ടു പേർ കേസിൽ പ്രതികളാകും. കൂടുതൽ പേരുണ്ടോയെന്ന് അന്വേഷണത്തിൽ കണ്ടെത്തും. വകുപ്പുതല അന്വേഷണം നടത്തുന്ന അഡി. എക്‌സൈസ് കമ്മിഷണർ സാം ക്രിസ്റ്റി ഇന്ന് എക്‌സൈസ് കമ്മിഷണർക്ക് റിപ്പോർട്ട് കൈമാറും. ആരോപണ വിധേയരായ ഉദ്യോഗസ്ഥരുടെ സസ്‌പെൻഷൻ ഇന്നുണ്ടാകും. തൃശൂർ മെഡിക്കൽ കോളേജിലെ ഡോക്ടർമാരായ രാജേന്ദ്രപ്രസാദ്, മനു എന്നിവരാണ് രഞ്ജിത്തിന്റെ പോസ്റ്റുമോർട്ടം നടത്തിയത്.കഞ്ചാവ് കൈവശംവച്ച കുറ്റത്തിനാണ് രഞ്ജിത്തിനെ എക്സൈസ് ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തത്.