road-board-
കാന പണിപൂർത്തിയാക്കിയ പദ്ധതിയുടെ പേരിൽ സ്ഥാപിച്ച പാകിസ്ഥാൻ റോഡ് എന്ന ബോർഡ്

കയ്പമംഗലം: പഞ്ചായത്തിൽ 12-ാം വാർഡിലെ റോഡിന് പാകിസ്ഥാന്റെ പേരു വന്നതിൽ പ്രതിഷേധം. മൂന്നുപീടിക ബീച്ച് റോഡിൽ നിന്ന് പോകുന്ന അയിരൂർ പുത്തൻ പള്ളി റോഡിലാണ് കാന പണിപൂർത്തിയാക്കിയ പദ്ധതിയുടെ പേരിൽ പാകിസ്ഥാൻ റോഡ് എന്ന് ബോർഡിൽ വച്ചത്.

ഇതിനെതിരെ ബി.ജെ.പി കയ്പമംഗലം പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധിച്ചു. പ്രതിഷേധ യോഗത്തിന് ശേഷം പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നൽകി. പ്രതിഷേധം യോഗം ബി.ജെ.പി നിയോജക മണ്ഡലം പ്രസിഡന്റ് പി.എസ്. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് അശോകൻ പാണാട്ട് അദ്ധ്യക്ഷനായി. ബി.ജെ.പി നേതാക്കളായ സെൽവൻ മണക്കാട്ട് പടി, രാജേഷ് കോവിൽ, പ്രിൻസ് തലാശ്ശേരി, രാജേഷ് കൊട്ടാരത്തിൽ, സതീശൻ തെക്കിനിയേടത്ത്, സീന സജീവൻ, മധു ഭായ് എന്നിവർ സംസാരിച്ചു.

രേഖയിൽ നിന്ന് നീക്കി

മുൻ ഭരണസമിതിയുടെ കാലത്താണ് റോഡിന്റെ പേര് ഇങ്ങനെ വന്നതെന്നും പുതിയ ഭരണ സമിതി പഞ്ചായത്ത് രേഖയിൽ നിന്ന് നീക്കം ചെയ്തുവെന്നും കയ്പമംഗലം പഞ്ചായത്ത് പ്രസിഡന്റ് ടി.വി. സുരേഷ് പറഞ്ഞു. മാത്രമല്ല റോഡിന്റെ സൈഡിലുള്ള കാനയുടെ പണി പൂർത്തിയായപ്പോൾ കോൺട്രാക്ടറാണ് പഴയ രേഖപ്രകാരം ബോർഡ് വച്ചതെന്നും പ്രസിഡന്റ് പറഞ്ഞു. പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി ലഭിച്ചപ്പോൾ തന്നെ ബോർഡ് നീക്കം ചെയ്തതായും പ്രസിഡന്റ് പറഞ്ഞു.

പേര് വന്നതിങ്ങനെ

വാർഡിന് തൊട്ടടുത്ത് പാകിസ്ഥാനിൽ ജോലി ചെയ്തിരുന്ന ഒരു കുടുംബം താമസിച്ചിരുന്നതുകൊണ്ട് ആ കുടുംബമായി ബന്ധപ്പെട്ടവരെ പാകിസ്ഥാൻകാരെന്ന് തമാശരൂപേണ വിളിച്ചിരുന്നതായി നാട്ടുകാർ പറയുന്നു. അങ്ങനെയാകാം പഞ്ചായത്തിന്റെ ബന്ധപ്പെട്ട ഫയലിൽ ഈ പേർ വന്നു ചേർന്നതെന്ന് ഒരു മുൻ പഞ്ചായത്ത് മെമ്പർ പറഞ്ഞു.