കൊടുങ്ങല്ലൂർ: എടവിലങ്ങ് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.കെ. രമേഷ് ബാബുവിനെ അയോഗ്യനാക്കി തിരഞ്ഞെടുപ്പ് കമ്മിഷൻ ഉത്തരവ്. പഞ്ചായത്തിലെ വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ തന്റെ വോട്ട് അസാധുവാക്കി, എൽ.ഡി.എഫ് സ്ഥാനാർത്ഥിക്കെതിരെ മത്സരിച്ച ബി.ജെ.പി നോമിനിക്ക് വിജയിക്കാൻ അവസരം ഒരുക്കിയെന്നും ഇത് പാർട്ടി വിപ്പ് ലംഘിച്ചു കൊണ്ടായിരുന്നുവെന്നും ചൂണ്ടിക്കാട്ടി പഞ്ചായത്ത് അംഗം കെ.ബി. ഷെഫീക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. പഞ്ചായത്തിൽ അയോഗ്യനാക്കപ്പെടുന്ന രണ്ടാമത്തെ ജനപ്രതിനിധിയാണ് സി.പി.എം മുൻ ലോക്കൽ സെക്രട്ടറി കൂടിയായ രമേഷ് ബാബു. സി.പി.ഐ നേതാവ് കൂടിയായിരുന്ന മുൻ പഞ്ചായത്ത് പ്രസിഡന്റ് ടി.എം. ഷാഫിയാണ് അയോഗ്യത കൽപ്പിക്കപ്പെട്ട ആദ്യ വ്യക്തി. ഇടത് പാർട്ടികൾക്കുള്ളിൽ രൂപപ്പെട്ട അഭ്യന്തര പ്രശ്‌നങ്ങളാണ് ഇതിലേക്കെല്ലാം എത്തിച്ചത്. ഇതിന്റെ അനന്തരഫലമെന്നോണം ഒരു ഘട്ടത്തിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്ഥാനം പിടിച്ചെടുത്ത ബി.ജെ.പിയിൽ നിന്നും ഇവരുടെ കൂടി സഹകരത്തോടെ വൈസ് പ്രസിഡന്റ് സ്ഥാനം തിരിച്ചു പിടിക്കാൻ എൽ.ഡി.എഫിന് കഴിഞ്ഞിരുന്നു.

എങ്കിലും ഇരുവർക്കും എതിെരെ നൽകിയ പരാതിയിൽ നിന്നും പിന്മാറാൻ സി.പി.എമ്മോ, സി.പി.ഐയോ തയ്യാറായില്ല. രണ്ട് പേർ അയോഗ്യരാക്കപ്പെട്ടതോടെ 14 അംഗ പഞ്ചായത്തിൽ ഭരണ പക്ഷമായ എൽ.ഡി.എഫിന്റെ അംഗബലം അ‌ഞ്ചായി. (സി.പി.എം 3, സി.പി.ഐ 2). അവശേഷിക്കുന്ന സീറ്റുകളിൽ 4 ബി.ജെ.പിയും 3 കോൺഗ്രസുമാണ്.