തൃശൂർ: ജനുവരി മുതൽ ഇന്നലെ വരെ തൃശൂരിൽ 730 കിലോഗ്രാമിലേറെ കഞ്ചാവ് പിടിച്ചെടുത്തപ്പോൾ അറസ്റ്റിലായത് 582 കേസുകളിൽ 592 പ്രതികൾ.

തൃശൂർ റെയിൽവേ സ്റ്റേഷനിൽ ട്രെയിനിൽ നിന്ന് കഴിഞ്ഞ ഏപ്രിലിൽ 375 കിലോ കഞ്ചാവ് പിടികൂടിയതിന് പിന്നാലെ 220 കിലോഗ്രാം കഞ്ചാവുമായി രണ്ടു പേർ കണ്ണാറയിൽ പിടിയിലായതോടെ സംസ്ഥാനത്ത് വൻതോതിൽ കഞ്ചാവ് കടത്തുന്ന ജില്ലകളിലൊന്നാവുകയാണ് തൃശൂർ. വിദ്യാർത്ഥികളെയും ഇതരസംസ്ഥാന തൊഴിലാളികളേയും തീരദേശമേഖലയിലുളളവരെയും ഇരകളാക്കി കഞ്ചാവ് സംഘങ്ങൾ തഴയ്ക്കുമ്പോൾ എങ്ങനെ നിയന്ത്രിക്കണമെന്നറിയാതെ നട്ടംതിരിയുകയാണ് പൊലീസും എക്സൈസും.
കഴിഞ്ഞ വർഷവും 147 കേസുകളിലായി 50 കിലോ കഞ്ചാവുമായി 225 പേർ സിറ്റി പൊലീസിന്റെ പിടിയിലായിരുന്നു. തമിഴ്നാട്, ആന്ധ്ര, ഒഡീഷ എന്നിവിടങ്ങളിൽ നിന്നാണ് തൃശൂരിലും കഞ്ചാവ് എത്തുന്നതെന്നാണ് വിവരം. തമിഴ്‌നാട്ടിലെ ഉൾഗ്രാമങ്ങളിൽ നിന്ന് വിദ്യാർത്ഥികൾ വരെ നേരിട്ടു കഞ്ചാവ് കൊണ്ടുവരുന്നതായും വിവരം ലഭിച്ചിരുന്നു. ഡിണ്ടിഗൽ, കമ്പം, തേനി തുടങ്ങിയ ഇടങ്ങളിലും ഇടുക്കി, വയനാട് ജില്ലകളിലും കഞ്ചാവ് തേടി വിദ്യാർത്ഥികൾ എത്തുന്നുണ്ടെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറയുന്നു. പരിചയക്കാരില്ലെങ്കിലും പൊലീസ് ശക്തമല്ലാത്ത മറ്റ് സംസ്ഥാനങ്ങളിലെ ഗ്രാമങ്ങളിൽ നിന്ന് കഞ്ചാവ് ലഭിക്കും. തൃശൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്ന് മാസങ്ങൾക്ക് മുമ്പ് പിടിയിലായ മൊത്തവ്യാപാരി ഷറഫുദീൻ കഞ്ചാവ് വാങ്ങിയിരുന്നത് ആന്ധ്രയിലെ മാവോയിസ്റ്റ് മേഖലയിൽ നിന്നാണെന്ന് വ്യക്തമായിരുന്നു.

വിദ്യാർത്ഥികൾ പ്രൊഫഷണൽ,

സംഘങ്ങളും

പ്രൊഫഷണൽ കോളേജ് വിദ്യാർത്ഥികൾ പ്രൊഫഷണൽ കഞ്ചാവ് സംഘങ്ങളായി മാറുന്നുവെന്നതിൻ്റെ തെളിവാണ് കഴിഞ്ഞ മാർച്ചിൽ കഞ്ചാവുമായി പിടിയിലായ ബി.ടെക് വിദ്യാർത്ഥി. 15–20 വയസിനിടയിലുള്ള വിദ്യാർത്ഥികൾ മദ്യത്തിനും പുകവലിക്കും പകരം കഞ്ചാവിന്റെ ഇടനിലക്കാരും വിൽപ്പനക്കാരും വരെയാകുന്നുവെന്നത് അന്വേഷണസംഘങ്ങളെയും ഞെട്ടിപ്പിക്കുകയാണ്. പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥികളെ താക്കീത് ചെയ്തുവിടുമ്പോൾ അവർ വീണ്ടും കുറ്റം ചെയ്യാൻ ഇടവരുന്നുമുണ്ട്. മദ്യപിച്ചാൽ പൊലീസ് പരിശോധയിൽ പെടുമെന്ന് ഭയപ്പെട്ടാണ് കഞ്ചാവിന്റെയും മറ്റ് ലഹരിയുടെയും വഴി തേടുന്നത്. ചരസ്, ഹാഷിഷ്, മാനസിക രോഗികൾക്ക് കൊടുക്കുന്ന നൈട്രസൻ, എൽ.എസ്.ഡി, ന്യൂജെൻ ലഹരിമരുന്നായ എം.ഡി.എം.എ. (മെഥലിൻ ഡയോക്സി മെത്താഫിറ്റമിൻ ) തുടങ്ങിയവയും മാസങ്ങൾക്ക് മുൻപ് പിടിച്ചെടുത്തിരുന്നു.

തൃശൂർ എക്സൈസ് ഡിവിഷനിലെ കേസുകൾ:

മേയ് - സെപ്തംബർ

മേയ്

കേസ് -68

പ്രതികൾ -66

കഞ്ചാവ് -46.97കിലോഗ്രാം

ജൂൺ

കേസ്-60

പ്രതികൾ-57

കഞ്ചാവ്-11.31

ജൂലായ്

കേസ്-59

പ്രതികൾ-54

കഞ്ചാവ്-4.96

ആഗസ്റ്റ്

കേസ്-58

പ്രതികൾ-55

കഞ്ചാവ്-2.08

സെപ്തംബർ

കേസ്-71

പ്രതികൾ-67

കഞ്ചാവ്-10.11