തൃശൂർ: മാർക്‌സിസ്റ്റ് ചിന്തകനും പ്രഭാഷകനുമായിരുന്ന പ്രൊഫ. വി. അരവിന്ദാക്ഷൻ പുരസ്‌കാരം വിഖ്യാത മനുഷ്യാവകാശ പ്രവർത്തകനും അക്കാഡമിക് പണ്ഡിതനുമായ ഡോ. ആനന്ദ് തെൽതുംബ്ദെയ്ക്ക് നൽകുമെന്ന് ഫൗണ്ടേഷൻ ഭാരവാഹികൾ അറിയിച്ചു. അമ്പതിനായിരം രൂപയും പ്രശസ്തിപത്രവും ശിൽപ്പവും അടങ്ങുന്നതാണ് പുരസ്‌കാരം. 16ന് വൈകീട്ട് അഞ്ചിന് സാഹിത്യ അക്കാഡമി ഹാളിൽ പുരസ്‌കാരം സമ്മാനിക്കും.
സാർവദേശീയ തലത്തിൽ ഭരണാധികാര ഭീകരതകൾക്കെതിരായ പോരാളിയാണ് തെൽതുംബ്ദെ. അംബേദ്കർ ചിന്തകൾ വ്യക്തമാക്കുന്ന 26ലധികം ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. വർഗീയതയ്ക്കും ഫാസിസ്റ്റ് പ്രവണതയ്ക്കുമെതിരെ നിരന്തരം ശബ്ദം ഉയർത്തിയിരുന്ന പ്രൊഫ. വി. അരവിന്ദാക്ഷന്റെ സ്മരണാർത്ഥമുള്ള നാലാം വർഷത്തെ പുരസ്‌കാരത്തിനാണ് തെൽതുംബ്ദെ അർഹനായത്.
എം.എ. ബേബി ചെയർമാനും സച്ചിദാനന്ദൻ, ഡോ. ഖദീജ മുംതാസ്, ഡോ. കാവുമ്പായി ബാലകൃഷ്ണൻ എന്നിവർ അംഗങ്ങളായുള്ള സമിതിയാണ് പുരസ്‌കാരം നിർണയിച്ചത്. വാർത്താസമ്മേളനത്തിൽ പ്രൊഫ. വി. അരവിന്ദാക്ഷൻ സ്മാരക ഫൗണ്ടേഷൻ പ്രസിഡന്റ് ഡോ. കാവുമ്പായി ബാലകൃഷ്ണൻ, സെക്രട്ടറി പി.എസ്. ഇക്ബാൽ, ടി.എ. ഫസീല, വി.എസ്. അജയകുമാർ എന്നിവർ പങ്കെടുത്തു.