കൊടകര: ക്ഷേത്രവാദ്യകലാരംഗത്തും അനുഷ്ഠാനകലാരംഗത്തും കഴിഞ്ഞ ഏഴ് പതിറ്റാണ്ടായി നിറസാന്നിദ്ധ്യമായ ബഹുമുഖ പ്രതിഭ ആളൂർ മാനാട്ടുകുന്ന് ചിറ്റേത്ത് രാമൻനായർ ശതാഭിഷിക്തനാകുന്നു. ഇദ്ദേഹത്തിന്റെ 85ാം പിറന്നാൾ സഹസ്രപൗർണമി എന്ന പേരിൽ വിപുലമായി ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ് ഇദ്ദേഹത്തിന്റെ ശിഷ്യർ. 13ന് രാവിലെ 9 ന് കല്ലേറ്റുംകര മാനാട്ടുകുന്ന് ഇരിങ്ങാടപ്പിള്ളി ചെങ്ങുംകാവിൽ ഭഗവതിക്ഷേത്രം ഓഡിറ്റോറിയത്തിൽ മുൻ ചോറ്റാനിക്കര മേൽശാന്തി ഇ.കെ. പുരുഷോത്തമൻ നമ്പൂതിരി ഭദ്രദീപം തെളിക്കും. സമാദരണസംഗമം പെരുവനം കുട്ടൻമാരാർ ഉദ്ഘാടനം ചെയ്യും. ആളൂർ പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യനൈസൺ അദ്ധ്യക്ഷത വഹിക്കും. ശബരിമല മുൻമേൽശാന്തി എ.വി. ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി ഉപഹാരസമർപ്പണവും സംഗീതസംവിധായകൻ വിദ്യാധരൻ പ്രശസ്തിപത്രസമർപ്പണവും കവിയും ഗാനരചയിതാവുമായ രാപ്പാൾ സുകുമാര മേനോൻ മംഗളപത്രസമർപ്പണവും നടത്തും. പഞ്ചവാദ്യപ്രമാണി പരയ്ക്കാട് തങ്കപ്പൻമാരാർ പൊന്നാട അണിയിക്കും. മേളപ്രമാണി കിഴക്കൂട്ട് അനിയൻമാരാർ കീർത്തിമുദ്ര സമർപ്പണവും ആറാട്ടുപ്പുഴ ക്ഷേത്രോപദേശക സമിതി മുൻപ്രസിഡന്റ് എം. രാജേന്ദ്രൻ കാവ്യോപഹാര സമർപ്പണവും നടത്തും. തുടർന്ന് ചിറ്റേത്ത് രാമൻനായർ രചിച്ച തിരുവാതിരക്കളിപ്പാട്ടുകളുടെ രംഗാവിഷ്‌കാരവുമുണ്ടാകും. വാർത്താസമ്മേളനത്തിൽ സംഘാടകസമിതി ജനറൽ കൺവീനർ അജിത്ത് വടക്കൂട്ട്, ഹരിശങ്കർ കല്ലേറ്റുംകര, ഇ.പി. നാരായൺനമ്പൂതിരി, ഇരിങ്ങാടപ്പിള്ളി രതീഷ് വാരിയർ എന്നിവർ പങ്കെടുത്തു.