കൊടുങ്ങല്ലൂർ: കനോലി കനാലിലെ ചെളിനീക്കൽ നിരോധനം പിൻവലിക്കണമെന്ന് കർഷകസംഘം ഏരിയാ സമ്മേളനം. പരിസ്ഥിതി പ്രശ്നം ഉന്നയിച്ചാണ് ചെളിനീക്കം ചെയ്യുന്നത് അധികൃതർ തടയുന്നത്. ഇതുമൂലം തീരദേശത്തെ പ്രധാന കൃഷിയായ തെങ്ങിന് ചുരുങ്ങിയ ചെലവിൽ ജൈവവളമായി ഉപയോഗിച്ചിരുന്ന ചെളി ഉപയോഗിക്കാനാകുന്നില്ല.
കനാലിൽ നിറഞ്ഞ ചെളി നീക്കാത്തതിനാൽ വെള്ളക്കെട്ട് രൂക്ഷമാകുന്നതിനും കൃഷി നാശത്തിനും ഇടയാക്കുന്നു. ഈ സാഹചര്യത്തിൽ നിരോധനം പിൻവലിക്കാൻ അടിയന്തര നടപടിയുണ്ടാകണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. ക്ഷീരമേഖലയെ തകർക്കുന്ന കാലിത്തീറ്റ വർദ്ധനവ് തടയുന്നതിന് സംസ്ഥാന സർക്കാർ അടിയന്തരമായി ഇടപെടണമെന്നും മിൽമയിൽ പാൽ അളക്കുന്ന കർഷകർക്ക് മാത്രം സബ്സിഡി അനുവദിക്കുന്ന നയം തിരുത്തി പാൽ ഉത്പാദിപ്പിക്കുന്ന മുഴുവൻ കർഷകർക്കും സബ്സിഡി അനുവദിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
പ്രസിഡന്റ് കെ.കെ. അബീദലിയുടെ അദ്ധ്യക്ഷതയിൽ കൂടിയ സമ്മേളനം കേരള കർഷക സംഘം സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവം ബേബി ജോൺ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി എം.എസ്. മോഹനൻ പ്രവർത്തന റിപ്പോർട്ടും ജില്ലാ സെക്രട്ടറി പി.കെ. ഡേവീസ് സംഘടന റിപ്പോർട്ടും അവതരിപ്പിച്ചു. അമ്പാടി വേണു, മുഹമ്മദ് ഹനീഫ, ഷീല രാജ് കമൽ, സെബി ജോസഫ്, ഹാരിസ് ബാബു, കയ്യുമ്മ ടീച്ചർ, ഇ.കെ.മല്ലിക തുടങ്ങിയവർ സംസാരിച്ചു.
ഭാരവാഹികളായി കെ.കെ. അബീദലി (പ്രസിഡന്റ്), പി.സി. രാജൻ, ടി.എച്ച്. വിശ്വംഭരൻ (വൈസ് പ്രസിഡന്റുമാർ), എം.എസ്. മോഹനൻ (സെക്രട്ടറി), കെ.ആർ. അപ്പുക്കുട്ടൻ, മുഹമ്മദ് ഹനീഫ (ജോയിന്റ് സെക്രട്ടറിമാർ), ടി.കെ. രമേഷ് ബാബു (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു. ഇന്ന് വൈകീട്ട് മതിൽമൂലയിൽ നിന്നും പ്രകടനവും മതിലകത്ത് പൊതുസമ്മേളനവും നടക്കും. ജില്ലാ സെക്രട്ടറി പി.കെ. ഡേവീസ് ഉദ്ഘാടനം ചെയ്യും.