ചാലക്കുടി: പ്രളയവുമായി ബന്ധപ്പെട്ട് കളക്ടറേറ്റിൽ അപേക്ഷ നൽകിയിട്ടും എല്ലാ വീടുകളിലേയ്ക്കും അന്വേഷണത്തിന് എത്തിയിട്ടില്ലെന്നും അന്വേഷണം നടത്താതെ അപേക്ഷ നിരസിച്ച അവസ്ഥ ഉണ്ടെന്നും നഗരസഭാ അദ്ധ്യക്ഷ ജയന്തി പ്രവീൺകുമാർ. ചാലക്കുടി താലൂക്ക് വികസന സമിതിയുടെ 59-ാമത് യോഗത്തിൽ അദ്ധ്യക്ഷത വഹിച്ച് അറിയിച്ചതാണിത്. പ്രളയവുമായി ബന്ധപ്പെട്ട കളക്ടറേറ്റിൽ ലഭിക്കുന്ന എല്ലാ അപേക്ഷകളും പരിശോധനക്ക് വിധേയമാക്കണമെന്നും അർഹർക്ക് പണം ലഭിക്കുന്നതിന് നടപടി ഉണ്ടാക്കണമെന്നും ഇക്കാര്യം കളക്ടറുടെ ശ്രദ്ധയിൽപെടുത്തണമെന്നും വൈസ് ചെയർമാൻ വിത്സൻ പാണാട്ടുപറമ്പിൽ അഭിപ്രായപ്പെട്ടു.

എന്നാൽ 2019ലെ ഫീൽഡ് വിസിറ്റ് 90ശതമാനം പൂർത്തിയായിട്ടുണ്ടെന്നും വിശദാംശങ്ങൾ കമ്മീഷണറേറ്റിൽ കൊടുത്ത് അവിടെ നിന്നാണ് ഫണ്ട് അനുവദിക്കുന്നതെന്നും തഹസിൽദാർ സുനിത ജേക്കബ്ബ് മറുപടി പറഞ്ഞു. പി.ഡബ്ല്യു.ഡി പുറമ്പോക്കിൽ അപകടാവസ്ഥയിലുള്ള മരങ്ങൾ പഞ്ചായത്ത് പണം ചെലവാക്കി മുറിച്ച് മാറ്റിയാൽ മരം പി.ഡബ്യു.ഡിക്ക് നൽകേണ്ട അവസ്ഥയാണ് ഉള്ളതെന്ന് കൊടകര പഞ്ചായത്ത് പ്രസിഡന്റ് പി.ആർ. പ്രസാദ് അഭിപ്രായപ്പെട്ടു. ഇത് ഒഴിവാക്കി പഞ്ചായത്തിൽ തന്നെ മരം ലേലം ചെയ്യുന്നതിന് അനുമതി വേണമെന്ന് അദേഹം അറിയിച്ചു.

പുറമ്പോക്കിലെ കുളങ്ങൾ, നീർച്ചാലുകൾ എന്നിവ അളക്കുന്നതിന് താലൂക്ക് സർവേയർ കൂടുതൽ സമയം എടുക്കുന്നത് ഒഴിവാക്കണമെന്നും അദേഹം ആവശ്യപ്പെട്ടു. നോർത്ത് ബസ് സ്റ്റാൻഡിൽ പൊലീസ് കൺട്രോൾ റൂം ഇപ്പോൾ പ്രവർത്തിക്കുന്നില്ലെന്നും നഗരസഭാ എല്ലാ സൗകര്യവും ചെയ്ത് കൊടുത്തിട്ടും ആവശ്യത്തിന് ജീവനക്കാരില്ലെന്ന കാരണം പറഞ്ഞ് പൂട്ടിയിട്ടിരിക്കുകയാണെന്നും ഇത് ഉടനെ തുറന്ന് പ്രവർത്തിക്കാൻ നടപടി ഉണ്ടാകണമെന്നും നഗരസഭാ വൈസ് ചെയർമാൻ ആവശ്യപ്പെട്ടു.

കാടുകുറ്റി മൈനർ ഇറിഗേഷൻ മോട്ടോറുകൾ പമ്പ് ചെയ്ത് കർഷകർക്ക് വെള്ളം ലഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് കാടുകുറ്റി പഞ്ചായത്ത് പ്രസിഡന്റ് ആവശ്യപ്പെട്ടു. ബന്ധപ്പെട്ട വകുപ്പിന് കത്ത് നൽകാമെന്ന് ഇതിന് മറുപടിയായി തഹസിൽദാർ അറിയിച്ചു. ഡെപ്യൂട്ടി തഹസിൽദാർ കെ.ഡി. രാജൻ നന്ദി രേഖപ്പെടുത്തി.