കൊടുങ്ങല്ലൂർ: നഗരസഭയിലെ വയലാർ ഭാഗത്തെ വനിതാ കൂട്ടായ്മയുടെ നേതൃത്വത്തിൽ ഗ്രാമോത്സവമായി സംഘടിപ്പിക്കുന്ന ലേക് ഫെസ്റ്റ് കണ്ണാടി - 2019ന് ഇന്ന് തുടക്കമാകും. മൂന്നുദിവസങ്ങളിലായി നടക്കുന്ന ആഘോഷം ചൊവ്വാഴ്ച വൈകീട്ട് ഗുരുസ്മൃതിയോടെ സമാപിക്കും. ഇന്ന് രാവിലെ 9.30ന് കാവിൽ കടവ് മാർക്കറ്റ് ഗ്രൗണ്ടിൽ നിന്നും ആരംഭിച്ച് വയലാർ സെന്ററിൽ സമാപിക്കുന്ന സാംസ്കാരിക ഘോഷയാത്രയോടെയാണ് ഫെസ്റ്റ് ആരംഭിക്കുക. ഇന്നും നാളെയും കലാ- കായിക പരിപാടികളും, നാളെ രാത്രി 7.30ന് വയലാർ കലാപഠന ഗവേഷണ കേന്ദ്രത്തിന്റെ തുടിതാളം നാടൻ പാട്ടുകളും ദൃശ്യാവിഷ്കാരവും ചൊവ്വാഴ്ച രാവിലെ പത്തിന് നടക്കുന്ന സാംസ്കാരിക സംഗമവും നടക്കും. പ്രൊഫ. കെ.യു. അരുണൻ മാസ്റ്റർ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്ന സംഗമത്തിൽ നഗരസഭാ ചെയർമാൻ കെ.ആർ. ജൈത്രൻ അദ്ധ്യക്ഷത വഹിക്കും. ഇ.ടി. ടൈസൺ മാസ്റ്റർ എം.എൽ.എ, അഡ്വ. വി.ആർ. സുനിൽകുമാർ എം.എൽ.എ എന്നിവർ സംസാരിക്കും.

നോവലിസ്റ്റ് ടി.കെ. ഗംഗാധരൻ, സംവിധായകരായ പി.കെ. ബിജു, ആദർശ് അനിയാൽ, മുരളീചന്ദ്രൻ എന്നിവരെ ആദരിക്കം. തുടർന്ന് വയലാറിന്റെ സദ്യവട്ടം. ഉച്ചയ്ക്ക് മൂന്നു് മുതൽ ഓണക്കളി മത്സരം തുടങ്ങിയവ നടക്കുമെന്നും വാർഡ് കൗൺസിലർ ടി.പി. പ്രഭേഷ്, വനിത കൂട്ടായ്മ ഭാരവാഹികളായ വി.പി. ഹസീന, എം.വി. ഷൈലജ, ഷംന സുധീർ, ആരിഫ ഷെബീർ തുടങ്ങിയവർ പത്രസമ്മേളനത്തിൽ പറഞ്ഞു.