വാടാനപ്പിള്ളി: വാഴയെയും വാഴയുത്പന്നങ്ങളെയും പുത്തൻ തലമുറയ്ക്ക് പരിചയപ്പെടുത്താനും അന്യമായി കൊണ്ടിരിക്കുന്ന വാഴയിനങ്ങളെ സംരക്ഷിക്കാനും തൃത്തല്ലൂർ യു.പി സ്കൂളിൽ ഒരുക്കിയ രുചിയുത്സവത്തിലെ വാഴപ്പൊലിമ വ്യത്യസ്ത അനുഭവമായി. സ്കൂളിൽ വാഴ പ്രചരണത്തിന്റെ ഭാഗമായി നടത്തിയ വാഴയുത്പന്ന പ്രദർശനവും വേറിട്ട കാഴ്ചയായി. സ്വന്തമായി വിളയിച്ച വാഴക്കുലകൾ, വാഴയില പാത്രങ്ങൾ, വിശറി, വാഴനാര് ഉത്പന്നങ്ങൾ, വാഴപ്പാവ, തവി, വഞ്ചി, പമ്പരം, വാഴപ്പഴവും വാഴയിലയും ഉപയോഗിച്ച് ഉണ്ടാക്കുന്ന രുചിയൂറും വിഭവങ്ങളും ഇതോടൊപ്പം ഒരുക്കിയിരുന്നു.
വാഴപ്പഴം ഇലയിൽ ചുട്ടതും പുഴുങ്ങിയതും, പഴം വരട്ടിയത്, വിവിധതരത്തിലുള്ള അടകൾ, കായ എരിശ്ശേരി , ഇലയിൽ മീൻ പൊള്ളിച്ചത്, പഴം ഹൽവ, തുടങ്ങി 12തരം കൊതിയൂറും വിഭവങ്ങളും ഒരുക്കിയിരുന്നു. നേന്ത്രവാഴയുടെ കന്നുകളുടെ വിതരണവും നടന്നു. തളിക്കളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡോ: എം. ആർ സുഭാഷിണി ഉദ്ഘാടനം ചെയ്തു. വാടാനപ്പിള്ളി പഞ്ചായത്ത് പ്രസിഡന്റ് ഷിജിത്ത് വടുക്കഞ്ചേരി അദ്ധ്യക്ഷത വഹിച്ചു. അദ്ധ്യാപക കോർഡിനേറ്റർ കെ.എസ് ദീപൻ പദ്ധതി വിശദീകരിച്ചു. വലപ്പാട് എ ഇ.ഒ. ടി. ഡി അനിതകുമാരി വിത്ത് വിതരണം നടത്തി. സ്കൂൾ ജൈവവാഴകൃഷിയുടെ മാർഗ്ഗദർശി ശ്രീകുമാർ മഞ്ഞിപ്പറമ്പിലിനെ മുഖ്യാതിഥി വിനോദ് വി. നാരായണൻ ആദരിച്ചു. പി.ടി.എ പ്രസിഡന്റ് എ.എ ജാഫർ, പഞ്ചായത്തംഗം റീന സുനിൽ കുമാർ , ഹെഡ്മിസ്ട്രസ് സി.പി ഷീജ, എം.പി.ടി.എ പ്രസിഡന്റ് അമ്പിളി രാജൻ തുടങ്ങിയവർ പ്രസംഗിച്ചു