ആമ്പല്ലൂർ: മറ്റു ഭാഷകൾക്ക് പ്രാധാന്യം കൊടുക്കുന്നതോടൊപ്പം മാതൃഭാഷാ ബോധനത്തിനാണ് പ്രഥമ പരിഗണന നൽകേണ്ടതെന്ന് മന്ത്രി പ്രൊഫ സി രവീന്ദ്രനാഥ്. അളഗപ്പനഗർ പഞ്ചായത്ത് ഹയർ സെക്കൻഡറി സ്‌കൂളിൽ സ്റ്റുഡന്റ് പൊലീസ് കേഡറ്റ് യൂണിറ്റിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. വിദ്യാഭ്യാസ രംഗത്ത് കേരളം രാജ്യത്ത് ഒന്നാം സ്ഥാനത്ത് എത്തുന്നത് സർക്കാരിന്റെ അഭിമാനാർഹമായ നേട്ടമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പി.ടി.എ പ്രസിഡന്റ് സോജൻ ജോസഫ് അദ്ധ്യക്ഷത വഹിച്ചു. പ്രധാനാദ്ധ്യാപിക സിനി എം. കുര്യാക്കോസ്, എസ്.പി.സി കോഡിനേറ്റർ, ഒ.ബി. സജേഷ്‌കുമാർ, ചാലക്കുടി ഡിവൈ.എസ്.പി, സി.ആർ. സന്തോഷ്, പുതുക്കാട് സി.ഐ എസ്.പി സുധീരൻ, പുതുക്കാട് എസ്.ഐ കെ.ഒ.പ്രദീപ് എന്നിവർ പങ്കെടുത്തു. കൊടകര ബി.പി.ഒ കെ. നന്ദകുമാർ, അളഗപ്പനഗർ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ടെസ്സി വിൽസൺ, അംഗം നന്ദിനി ദാസൻ, വികസന സമിതി ചെയർമാൻ വി.എസ്. പ്രിൻസ്, പ്രിൻസിപ്പൽ ജി. ശ്രീലത, എൽ.പി പ്രധാനാദ്ധ്യാപിക പി.പി. സൂസി തുടങ്ങിയവർ സംസാരിച്ചു.