തൃശൂർ: നെല്ല് സംഭരണത്തിൽ കൃഷിക്കാരുടെയും മില്ലുകാരുടെയും ഇടയിൽ എജന്റുമാരായി പ്രവത്തിക്കുന്നവരുടെ ചൂഷണം സർക്കാർ അവസാനിപ്പിക്കുമെന്ന് മന്ത്രി അഡ്വ. വി.എസ്. സുനിൽകുമാർ. തൃശൂർ ടൗൺഹാളിൽ തൃശൂർ പൊന്നാനി കോൾനില വികസന കൗൺസിൽ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കർഷകർ മില്ലുകാർക്ക് കൈമാറുന്ന നെല്ലിന്റെ തൂക്കത്തെ സംബന്ധിച്ചും ജലാംശത്തെ സംബന്ധിച്ചും കർഷകദ്രോഹപരമായ ഇടെപടലാണ് എജന്റുമാർ നടത്തുന്നത്. ഇത് അനുവദിക്കാനാകില്ല. ഇത് തടയാൻ സർക്കാർ ഫലപ്രദമായ ഇടപെടൽ നടത്തും. കക്ഷി രാഷ്ട്രീയത്തിന് അതീതമായി ഇവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. കോൾ വികസന അതോറിറ്റി ചെയർമാൻ ടി.എൻ. പ്രതാപൻ എം.പി അദ്ധ്യക്ഷനായി. ഇ.ടി. മുഹമ്മദ് ബഷീർ എം.പി, അനിൽ അക്കര എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്, കളക്ടർ എസ്. ഷാനവാസ്, കോൾ വികസന അതോറിറ്റി കൃഷി ഡെപ്യൂട്ടി ഡയറക്ടർ മാത്യു ഉമ്മൻ പി, കോൾ കർഷക സംഘം പ്രസിഡന്റ് കെ.കെ. കൊച്ചുമുഹമ്മദ്, സെക്രട്ടറി എൻ.കെ. സുബ്രഹ്മണ്യൻ തുടങ്ങിയവർ പങ്കെടുത്തു.