തൃശൂർ: ആധാറുമായി റേഷൻ കാർഡ് ബന്ധിപ്പിക്കാനുള്ള സമയ പരിധി തീരാൻ ഇരുപത് ദിവസം ബാക്കിയുള്ളപ്പോൾ കാർഡ് ബന്ധിപ്പിക്കലിൽ കാർഡുടമകൾക്ക് ഉത്സാഹം പോരെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. കഴിഞ്ഞ മുപ്പതിന് സമയം കഴിഞ്ഞെങ്കിലും ഒരു മാസം കൂടി നീട്ടികൊക്കൊടുത്തിട്ടും വേണ്ടത്ര തിരക്ക് അനുഭവപ്പെടുന്നില്ലെന്ന് താലൂക്ക് ഓഫീസ് അധികൃതർ പറഞ്ഞു. ജില്ലയിലെ ആറ് താലൂക്കുകളിലായി 7,39,471 പേർ ആധാറുമായി ബന്ധിപ്പിക്കാത്തവരുണ്ട്. 8,32,130 റേഷൻ കാർഡുകളിൽ 34,50,483 ഗുണഭോക്താക്കളാണ് ജില്ലയിൽ മൊത്തമുള്ളത്. കഴിഞ്ഞ ദിവസം വരെ 27,11,012 പേർ മാത്രമാണ് റേഷൻകാർഡിൽ ആധാർനമ്പർ ചേർത്തിട്ടുള്ളത്. 79 ശതമാനം ആധാർ ചേർക്കലാണ് ഇതുവരെ പൂർത്തിയായിട്ടുള്ളത്.
ഒക്ടോബർ 31വരെയാണ് സംസ്ഥാന സർക്കാർ ആധാർ ബന്ധിപ്പിക്കുന്നതിന് നീട്ടിനൽകിയിരിക്കുന്ന സമയം. വിവിധ തദ്ദേശസ്ഥാപനങ്ങളുടെ സഹായത്തോടെയാണ് ആധാർ ബന്ധിപ്പിക്കുന്നതിനുള്ള ബോധവത്കരണം. ആധാർ ബന്ധിപ്പിക്കുന്നതിൽ മുകുന്ദപുരം താലൂക്ക് സപ്ലൈ ഓഫീസാണ് മുന്നിൽ. 92 ശതമാനം പേർ ഇതിനകം റേഷൻ കാർഡുമായി ആധാർ ബന്ധിപ്പിച്ചു. 1,04,250 കാർഡുകളുള്ള ഇവിടെ 4,19,119 ഗുണഭോക്താക്കളിൽ 3,84,422 പേർ കാർഡ് ആധാറുമായി ബന്ധിപ്പിച്ചു കഴിഞ്ഞു. അതേ സമയം തൃശൂർ താലൂക്കാണ് ഇതിൽ പിന്നിൽ. 56 ശതമാനം പേർ മാത്രമാണ് ഇതിന് തയാറായത്. 2,27,470 കാർഡുള്ള തൃശൂർ താലൂക്കിൽ 9,30,643 പേരിൽ 4,61,982 പേർ മാത്രമാണ് ഇന്നലെ വരെ ആധാർ ബന്ധിപ്പിച്ചത്. അതിനിടെ രണ്ടു കാർഡുകളിൽ പേരുള്ളവരുടെ കാര്യത്തിൽ പ്രശ്നം സങ്കീർണമാണ്. ഇത്തരക്കാർക്ക് ഒരു കാർഡിൽ മാത്രമേ ആധാർ ബന്ധിപ്പിക്കാനാവൂ. വിവാഹിതരായവരാണ് ഇതിൽ അധികവും. കാര്യങ്ങൾ ഇങ്ങനെ ആണെങ്കിലും ആറു താലൂക്കുകളിലും ഇത് പൂർത്തിയാക്കാനാവുമെന്ന ശുഭപ്രതീക്ഷയിലാണ് താലൂക്ക് സപ്ലൈ ഓഫീസർമാർ.
താലൂക്ക് കാർഡുകളുടെ എണ്ണം ഗുണഭോക്താക്കൾ ആധാർ ബന്ധിപ്പിച്ചവർ
മുകുന്ദപുരം - 1,04,250 - 4,19,119 - 3,84,422
ചാലക്കുടി 1,23,792 - 4,95,503 - 4,52,816
കൊടുങ്ങല്ലൂർ 85,891 - 3,53,624 - 3,16,248
തലപ്പള്ളി 1,70,000 - 7,05,410 - 6,29,172
ചാവക്കാട് 1,20,727 - 5,46,166 - 4,66,372
തൃശൂർ 2,27,470 - 9,30,643 - 4,61,982