തൃശൂർ ; ക്ഷേത്രങ്ങളിലും സരസ്വതി മണ്ഡപങ്ങളിലും നാളെ വിദ്യാരംഭം. രണ്ട് ദിവസത്തെ അടച്ച് പൂജയ്ക്ക് ശേഷം നാളെ രാവിലെ പൂജയെടുക്കൽ കഴിഞ്ഞാണ് വിദ്യാരംഭച്ചടങ്ങ് ആരംഭിക്കുക. ഉണക്കലരിയിൽ വിരലു കൊണ്ടും നാവിൽ സ്വർണ്ണ മോതിരം കൊണ്ടും ആചാര്യന്മാർ കുരുന്നുകൾക്ക് ഹരിശ്രീ കുറിക്കും.

ചേർപ്പ് തിരുവുള്ളക്കാവിൽ പുലർച്ചെ മുതൽ എഴുത്തിനിരുത്തൽ ആരംഭിക്കും. കൂർക്കഞ്ചേരി മാഹേശ്വര ക്ഷേത്രത്തിൽ എസ്.എൻ.ബി.പി യോഗത്തിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ചടങ്ങിന് മേൽശാന്തി രമേഷ് ശാന്തി മുഖ്യകാർമികത്വം നൽകും. നാളെ രാവിലെ എട്ടിന് പൂജയെടുപ്പ് കഴിഞ്ഞാൽ വിദ്യാരംഭ ചടങ്ങുകൾ ആരംഭിക്കും.

ഒളരിക്കര ഭഗവതി ക്ഷേത്രത്തിൽ നാളെ രാവിലെ എട്ടിന് പൂജയെടുപ്പ്, തുടർന്ന് വിദ്യാരംഭം, എട്ടിന് പഞ്ചാരി മേളം എന്നിവ നടക്കും. പാറമേക്കാവ്, തിരുവമ്പാടി, വടക്കുന്നാഥ ക്ഷേത്രങ്ങളിലും വിദ്യാരംഭ ചടങ്ങുകൾ നാളെ രാവിലെ നടക്കും.

വിജയദശമി ദിനത്തിൽ രാവിലെ 6.30 മുതൽ ആറാട്ടുപുഴ ക്ഷേത്രത്തിൽ സമൂഹ അക്ഷരപൂജ നടക്കും. സരസ്വതീ മണ്ഡപത്തിലെ സരസ്വതി പൂജയ്ക്ക് ശേഷമാണ് മുൻ വശത്തെ വിളക്കുമാടത്തറയിൽ സമൂഹ അക്ഷര പൂജ. രാവിലെ സരസ്വതി പൂജയ്ക്ക് ശേഷം ആറിന് എഴുത്തിനിരുത്തൽ ആരംഭിക്കും. ആറാട്ടുപുഴ വാരിയത്ത് സന്തോഷ് വാരിയർ എഴുത്തിനിരുത്തലിന് നേതൃത്വം നൽകും. രാവിലെ ഏഴ് മുതൽ ഉച്ചയ്ക്ക് ഒന്നു വരെ ആറാട്ടുപുഴ രാജേഷും സംഘവും അവതരിപ്പിക്കുന്ന സംഗീതാർച്ചനയും ഉണ്ടായിരിക്കും.