ചെമ്മാപ്പിള്ളി : ശ്രീരാമനും വാനര സംഘവും സീതാദേവിയെ വീണ്ടെടുക്കുന്നതിനായി, ലങ്കയിലേക്ക് കടക്കുവാൻ ചിറ കെട്ടിയതിനെ അനുസ്മരിച്ച് ശ്രീരാമൻ ചിറയിൽ ചിറകെട്ടോണം നാളെ നടക്കും. സേതുബന്ധന സ്മരണ എല്ലാ വർഷവും ചിറകെട്ടി പുതുക്കുന്ന ഏകസ്ഥലമാണ് ശ്രീരാമൻ ചിറ. തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രത്തിൽ നട തുറക്കുന്നതോടെയാണ് ചിറ കെട്ട് ചടങ്ങുകൾ തുടങ്ങുക. ചിറ തീർക്കുന്നയിടത്ത് ചിറകെട്ട് അവകാശികൾ തൃക്കാക്കരയപ്പനെ പ്രതിഷ്ഠിച്ച് പൂജിച്ചാണ് ചടങ്ങുകൾ തുടങ്ങുക.

മേളം ആരംഭിച്ചാൽ വീടുകളിൽ തൃക്കാക്കരയപ്പന് വറുത്ത അരിയും പയറും, പൂവടയും നിവേദിക്കും. വൈകീട്ട് തൃപ്രയാർ ക്ഷേത്ര നടയടച്ച് ദേവസ്വം ഭരണ കർത്താക്കൾ ചിറയിലെത്തി അനുമതി നൽകിയ ശേഷമാണ് ചിറകെട്ടുന്നത്. ആറാട്ടുപുഴ ദേവമേളയ്ക്കും ചിറകെട്ടുത്സവത്തിനും തൃപ്രയാർ തേവർക്കു പങ്കെടുക്കാനായി ക്ഷേത്രനട നേരത്തെ അടയ്ക്കുന്ന പതിവുണ്ട്. നടയടച്ചാൽ തേവർ മുതലപ്പുറമേറി ചിറയിലെത്തുമെന്നും, പിറ്റേന്നു പുലരും വരെ സേതുവിൽ വിശ്രമിക്കുമെന്നുമാണ് സങ്കല്പം. കൊട്ടാരവളപ്പിൽ മഹാ വിഷ്ണു ക്ഷേത്രത്തിൽ വച്ച് സമാപനച്ചടങ്ങായ അവകാശവിതരണം നടക്കും.