exice-custody-death

ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കാൻ തയ്യാറായില്ലെന്ന് ആരോപണം

തൃശൂർ: കഞ്ചാവുമായി പിടിയിലായ യുവാവ് കസ്റ്റഡിയിൽ മരിച്ച സംഭവത്തിൽ ക്രൂരമായ മർദ്ദിച്ച രണ്ട് എക്‌സൈസ് ഉദ്യോഗസ്ഥർക്കെതിരെ കൊലക്കുറ്റം ചുമത്താമെന്ന് പൊലീസിന് നിയമോപദേശം ലഭിച്ചു. എട്ട് പേരാണ് എക്സൈസ് സംഘത്തിലുണ്ടായിരുന്നത്. യുവാവിനെ തല്ലിച്ചതച്ചത് രണ്ട് പേരാണെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണിത്. ഇവർ പ്രിവന്റീവ് ഓഫീസറും സിവിൽ ഓഫീസറുമാണെന്നാണ് സൂചന. അതേസമയം, ആരോപണ വിധേയർ ഡിവൈ.എസ്.പിക്ക് മുന്നിൽ ഹാജരാകണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം അവരുടെ വീടുകളിൽ അന്വേഷണസംഘം നോട്ടീസ് പതിച്ചെങ്കിലും ആരും ഹാജരായില്ല. ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കാൻ തയ്യാറായിട്ടില്ലെന്ന ആരോപണവും ശക്തമാണ്. സംഘത്തിലുണ്ടായിരുന്ന ഡ്രൈവറെ സാക്ഷിയാക്കിയാവും കേസ് ഫയൽ തയ്യാറാക്കുക. ഒരാൾ മാപ്പ് സാക്ഷിയായേക്കും. ശനിയാഴ്ച രാത്രിയിലും സംഭവത്തിലെ സാക്ഷികളെന്ന മട്ടിൽ എക്‌സൈസ് അവതരിപ്പിച്ചവരിൽ നിന്ന് വിവരം ശേഖരിക്കുകയായിരുന്നു പൊലീസ്.

മലപ്പുറം തിരൂർ സ്വദേശി രഞ്ജിത്ത് ആണ് കഴിഞ്ഞ ചൊവ്വാഴ്ച മരിച്ചത്. ഗുരുവായൂരിൽ നിന്നാണ് ഇയാളെ പിടികൂടിയതെന്ന പ്രാഥമിക വിലയിരുത്തലിൽ തന്നെയാണ് പൊലീസും. കഞ്ചാവ് കണ്ടെടുത്തതിൽ വ്യക്തതയില്ല. പിടികൂടുമ്പോൾ രണ്ട് കിലോ കഞ്ചാവ് ഉണ്ടായിരുന്നില്ലെന്നും സംശയമുണ്ട്. കൂടുതലുള്ളത് കണ്ടെത്താനായിരുന്നു പാവറട്ടിയിലെ ഷാപ്പ് ഗോഡൗണിലെത്തിച്ചുള്ള മർദ്ദനമെന്നാണ് നിഗമനം. ഈ ഗോഡൗണിൽ പൊലീസ് പരിശോധന നടത്തി മർദ്ദനം നടന്നതായി സ്ഥിരീകരിച്ചിട്ടുണ്ട്. രണ്ട് ദിവസത്തിനകം പ്രതികൾ പിടിയിലാകുമെന്നാണ് പൊലീസിന്റെ വിശദീകരണം. ആരും ഒളിവിൽ പോയിട്ടില്ലെന്നും സർവീസിൽ തുടരുന്നതിനേക്കാൾ ഭേദം ജയിലാണെന്നും ആരോപണ വിധേയനായ ഉദ്യോഗസ്ഥൻ പറഞ്ഞത് വകുപ്പിൽ നടക്കുന്ന പീഡനങ്ങളാണ് വെളിപ്പെടുത്തുന്നതെന്നും സൂചനയുണ്ട്. കസ്റ്റഡി മരണത്തോടെ ഉയർന്ന ഉദ്യോഗസ്ഥരും ഭയപ്പാടിലാണ്. എക്‌സൈസ് ആൻഡ് നാർക്കോട്ടിക് സ്‌പെഷ്യൽ സ്‌ക്വാഡ് പ്രിവന്റീവ് ഓഫീസർമാരായ വി.എ ഉമ്മർ, അനൂപ് കുമാർ, അബ്ദുൾ ജബ്ബാർ, സിവിൽ ഓഫീസർമാരായ നിധിൻ മാധവൻ, സ്‌മിബിൻ, ബെന്നി, മഹേഷ്, ഡ്രൈവർ ശ്രീജിത്ത് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. ഇവരെ അഡീഷണൽ എക്‌സൈസ് കമ്മിഷണറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സസ്‌പെൻഡ് ചെയ്തിരുന്നു.

ആരോപണങ്ങൾ:

നാല് ദിവസം പിന്നിട്ടിട്ടും ആരെയും കസ്റ്റഡിയിലെടുത്തിട്ടില്ല

പ്രതികളെ രക്ഷിക്കാൻ രാഷ്ട്രീയ ഇടപെടൽ നടക്കുന്നു

പ്രതികൾക്ക് മുൻകൂർ ജാമ്യപേക്ഷ നൽകുന്നതിനുള്ള അവസരം സൃഷ്ടിക്കുന്നു
ഇത്തരം സംഭവങ്ങൾക്ക് കാരണം ക്വോട്ട തികയ്‌ക്കാനുള്ള ഉദ്യോഗസ്ഥതന്ത്രങ്ങൾ