പദ്ധതി വഴി 20,000 ലിറ്റർ വെള്ളം മണിക്കൂറിൽ പമ്പ് ചെയ്യാം
കയ്പ്പമംഗലം: കുടിവെള്ളം കിട്ടാക്കനിയായ എടത്തിരുത്തി പഞ്ചായത്തിൽ ശുദ്ധജല ക്ഷാമത്തിന് ഒരു പരിധി വരെ പരിഹാരം. രാമൻകുളം കുടിവെള്ള പദ്ധതി വഴി കുടിവെള്ള ക്ഷാമം രൂക്ഷമായ എടത്തിരുത്തി പഞ്ചായത്ത് 5, 6 വാർഡുകളിലെ കുടിവെള്ള വിതരണം നടപ്പിലാകും. നാട്ടിക ഫർക്ക ശുദ്ധജല വിതരണ പദ്ധതിയിലൂടെയാണ് എടത്തിരുത്തിയിൽ ശുദ്ധജല വിതരണം നടത്തുന്നത്. ഒന്ന് മുതൽ ആറ് വരെയുള്ള വാർഡുകളിലും,14ാം വാർഡിലുമൊക്കെ കൂടിവെള്ള ക്ഷാമം രൂക്ഷമാണെന്നത് സംബന്ധിച്ച് ജൂൺ 8 ന് കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.
ഇതിൽ ഏറ്റവും രൂക്ഷമായ 5, 6 വാർഡുകളിലേക്ക് വെള്ളമെത്തിച്ച് ക്ഷാമം തീർക്കുന്നതിനാണ് പദ്ധതി കൂടുതൽ പ്രാധാന്യം നൽകുന്നത്. പദ്ധതി വിജയകരമായി പൂർത്തീകരിച്ചാൽ ജലലഭ്യതയ്ക്കനുസരിച്ച് മറ്റു രണ്ടു വാർഡുകളിലേയ്ക്കും പദ്ധതി വ്യാപിപ്പിക്കുമെന്ന് ഇ.ടി ടൈസൺ മാസ്റ്റർ എം.എൽ.എ പറഞ്ഞു. ഇ.ടി. ടൈസൺ മാസ്റ്റർ എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് അനുവദിച്ച 72 ലക്ഷം രൂപയാണ് അടങ്കൽ തുക. വാട്ടർ അതോറിറ്റിക്കാണ് നിർമ്മാണച്ചുമതല. കമ്മിഷൻ ചെയ്ത് പണി പൂർത്തീകരിച്ചാലുടൻ പഞ്ചായത്തിന് കൈമാറും. കിണർ, പമ്പ് ഹൗസ്, പൈപ്പ് ലൈൻ ടെൻഡർ നടപടികൾ പൂർത്തീകരിച്ച് കരാറുകാരനെ പണി ഏല്പിച്ചിട്ടുണ്ട്. കൂടാതെ ഫിൽറ്റർ യൂണിറ്റിന്റെ ടെൻഡർ നടപടിയും ആരംഭിച്ചു. പദ്ധതിയുടെ നിർമ്മാണ ഉദ്ഘാടനം 24ന് രാവിലെ 10 ന് മന്ത്രി കെ. കൃഷ്ണൻകുട്ടി നിർവഹിക്കും. ചെന്ത്രാപ്പിന്നി ഈസ്റ്റിൽ നടന്ന ഇതിന്റെ സംഘാടക സമിതി രൂപീകരണ യോഗം ഇ.ടി. ടൈസൺ മാസ്റ്റർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ബൈന പ്രദീപ് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എ.വി സതീഷ്, സെക്രട്ടറി ടി.എഫ് സെബാസ്റ്റ്യൻ, വാട്ടർ അതോറിറ്റി എക്‌സിക്യൂട്ടീവ് എൻജിനീയർ കെ.കെ സുരേഷ് ബാബു, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
പദ്ധതി ഇങ്ങനെ
ചെന്ത്രാപ്പിന്നി അലുവ തെരുവിലുള്ള രാമൻകുളത്തിൽ 3.6 ഡയാമീറ്റർ ഉള്ള കിണർ, പമ്പ് ഹൗസ്, പ്രഷർ ഫിൽറ്റർ, മോട്ടോർ പമ്പ് സെറ്റ് എന്നിവ സ്ഥാപിച്ച് കുടിവെള്ള വിതരണം സാദ്ധ്യമാക്കണം
ഇതിൽ നിന്നും 90 എം.എം വ്യാസത്തിൽ 3,348 മീറ്റർ നീളത്തിൽ പൈപ്പ്
110 എം.എം വ്യാസമുള്ള പൈപ്പ് 204 മീറ്റർ നീളത്തിൽ ഇട്ട് എട്ട് സ്ഥലങ്ങളിൽ പൊതുടാപ്പുകൾ സ്ഥാപിച്ച് കുടിവെള്ളം വിതരണം ചെയ്യുക
....................
പ്രളയം മൂലമുണ്ടായ വെള്ളക്കെട്ട് രൂക്ഷമായ പ്രദേശമായതിനാൽ പലയിടത്തും പൈപ്പ് ഇടുന്നതിന് സാങ്കേതിക തടസമുണ്ട്. ഒക്ടോബർ മാസം അവസാനത്തോടെ നിർമ്മാണപ്രവൃത്തി ആരംഭിക്കും
സുരേഷ് ബാബു ( വാട്ടർ അതോറിറ്റി എക്‌സിക്യൂട്ടീവ് എൻജിനീയർ)