ചേർപ്പ്: വിജയദശമി ദിനത്തിൽ രാവിലെ 6.30 മുതൽ ആറാട്ടുപുഴ ക്ഷേത്രത്തിൽ സമൂഹ അക്ഷരപൂജ നടക്കും. സരസ്വതീ മണ്ഡപത്തിലെ സരസ്വതീപൂജയ്ക്കു ശേഷമാണ് മുൻ വശത്തെ വിളക്കുമാടത്തറയിൽ സമൂഹ അക്ഷര പൂജ. ക്ഷേത്രത്തിന്റെ തെക്കെ വിളക്കുമാടത്തറയിലെ പഞ്ചാര മണലിൽ ആദ്യാക്ഷര പുണ്യ സ്മരണയിൽ പ്രായഭേദമെന്യേ നൂറുകണക്കിന് ഭക്തജനങ്ങൾ ഒരുമിച്ചു ചേർന്നാണ് അക്ഷരമാല എഴുതുന്നത്. രാവിലെ 11 വരെ സമൂഹ അക്ഷര പൂജ തുടരും.
രാവിലെ സരസ്വതി പൂജയ്ക്കു ശേഷം ആറിന് എഴുത്തിനിരുത്തൽ ആരംഭിക്കും. ആചാര്യൻ കുട്ടികൾക്ക് സ്വർണ്ണ മോതിരം കൊണ്ട് നാവിൽ ആദ്യാക്ഷരം കുറിച്ചതിനു ശേഷം ഓട്ടുരുളിയിലെ ഉണക്കല്ലരിയിൽ അക്ഷരമാലയും എഴുതിക്കും. ഉരുളിയിലെ ഉണക്കല്ലരി കുട്ടികൾക്ക് പ്രസാദമായി നൽകും.
ആറാട്ടുപുഴ വാരിയത്ത് സന്തോഷ് വാരിയർ എഴുത്തിനിരുത്തലിന് നേതൃത്വം നൽകും. സരസ്വതീ കടാക്ഷത്തിനായി വിവിധ ദേശങ്ങളിൽ നിന്നും സമർപ്പിച്ച പുസ്തകങ്ങൾ രാവിലത്തെ സരസ്വതീ പൂജക്കു ശേഷം ഭക്തർ തിരികെ ഏറ്റു വാങ്ങും. തുടർന്ന് നടപ്പുരയിൽ അലങ്കരിച്ചിരിക്കുന്ന കാഴ്ച കുലകൾ ഭക്തർക്ക് തിരികെ നൽകും.
രാവിലെ ഏഴ് മുതൽ ഉച്ചയ്ക്ക് ഒന്നുവരെ ആറാട്ടുപുഴ രാജേഷും സംഘവും അവതരിപ്പിക്കുന്ന സംഗീതാർച്ചനയും ഉണ്ടായിരിക്കും.
കാപ്:
ആറാട്ടുപുഴ ക്ഷേത്രം സരസ്വതി മണ്ഡപം.