വടക്കാഞ്ചേരി/ചെറുതുരുത്തി: നവരാത്രി ആഘോഷങ്ങൾക്ക് സമാപനം കുറിക്കുന്ന വിജയദശമി ദിനമായ നാളെ ക്ഷേത്രങ്ങളിൽ ആയിരക്കണക്കിന് കുരുന്നുകൾ അറിവിന്റെ ആദ്യാക്ഷരം കുറിക്കാനെത്തും. ചെറുതുരുത്തി കേരള കലാമണ്ഡലത്തിൽ നവരാത്രി ആഘോഷങ്ങളോട് അനുബന്ധിച്ച് കൂത്തമ്പലത്തിൽ നടന്നു വന്നിരുന്ന പരിപാടികൾക്ക് വിജയദശമി ദിനത്തിൽ വൈകീട്ട് നടക്കുന്ന കുട്ടികളുടെ അരങ്ങേറ്റം ഉൾപ്പെടെയുള്ള കലാവതരണങ്ങളോടെ സമാപനമാകും. രാവിലെ എഴുത്തിനിരുത്തും നടക്കും.
കോഴിമാംപറമ്പ് ക്ഷേത്രത്തിൽ ക്ഷേത്രം മേൽശാന്തിയുടെ നേതൃത്വത്തിൽ എഴുത്തിനിരുത്തും വാഹന പൂജയും നടക്കും. മേഖലയിൽ ഏറ്റവുമധികം കുരുന്നുകൾ ആദ്യാക്ഷരം കുറിക്കാനെത്തുന്നതും ഇവിടെയാണ്. 108 ശിവാലയങ്ങളിൽ ഒന്നെന്ന ഖ്യാതി നേടിയ നെടുമ്പുര കുലശ്ശേഖരനെല്ലൂർ മഹാദേവക്ഷേത്രം, കയ്പഞ്ചേരി നരസിംഹമൂർത്തി ക്ഷേത്രം, മുള്ളൂർക്കര തിരുവാണിക്കാവ് ക്ഷേത്രം എന്നിവിടങ്ങളിലും എഴുത്തിനിരുത്തിന് വിപുലമായ സൗകര്യങ്ങളൊരുക്കിയിട്ടുണ്ട്.
വടക്കാഞ്ചേരി മേഖലയിൽ ഏറ്റവുമധികം കുരുന്നുകൾ ആദ്യാക്ഷരം കുറിക്കാനെത്തുക മൂകാംബികാ സാന്നിദ്ധ്യമുള്ള ഊത്രാളിക്കാവ് ഭഗവതി ക്ഷേത്രത്തിലാണ്. ക്ഷേത്രം മേൽശാന്തി ഉൾപ്പെടെയുള്ള ആചാര്യന്മാർ കുട്ടികൾക്ക് അക്ഷരം കുറിച്ചു നൽകും വടക്കാഞ്ചേരി ശിവക്ഷേത്രം, മാരിയമ്മൻ കോവിൽ, എന്നിവിടങ്ങളിൽ നവരാത്രി യാഘോഷങ്ങളുടെ ഭാഗമായി നടന്നു വന്നിരുന്ന വിവിധ കലാസാംസ്കാരിക പരിപാടികൾക്കും നാളെ സമാപനമാകും. മച്ചാട് തിരുവാണിക്കാവ്, ചിറ്റണ്ട ബാലസുബ്രഹ്മണ്യ ക്ഷേത്രം എന്നിവിടങ്ങളിലും വിശേഷാൽ ചടങ്ങുകളും എഴുത്തിനിരുത്തും നടക്കും.